ആലപ്പുഴയില്‍ എംഡിഎംഎ ശേഖരവുമായി യുവാവ് പിടിയില്‍
ഓപ്പൺ മാർക്കറ്റിൽ നാല് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നു ശേഖരവുമായി യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പോലിസ് മയക്കുമരുന്ന് കണ്ടെത്തിയത്. ലിജു യാത്ര ചെയ്ത ചേർത്തല-അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ് പരിശോധിക്കവെയാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്.
ഓപ്പൺ മാർക്കറ്റിൽ നാല് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ഇതു വരെ പിടികൂടിയതിൽ ഏറ്റവും വലിയ അളവ് മയക്കുമരുന്നാണ് ലിജുവില്‍ നിന്നും പിടികൂടിയത്. ജനുവരി 19 മുതൽ 31 വരെ നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായിരുന്നു.
ആലപ്പുഴ ജില്ലാ പോലിസ് മേധാവി ജി ജയദേവ് ഐ പി എസ്സിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും എസ്എച്ച്ഒ അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പുച്ചാക്കൽ പോലിസും സംയുക്തമായാണ് പരിശോധന നടത്തിയത്.