എംജി സര്‍വകലാശാല കൈക്കൂലി കേസ്: രണ്ട് ജീവനക്കാരെ സ്ഥലംമാറ്റി

രണ്ട് ദിവസം മുന്‍പാണ് എംബിഎ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം പിടികൂടിയത്.

Update: 2022-01-31 10:47 GMT

കോട്ടയം: എം ജി സര്‍വകലാശാല കൈക്കൂലി കേസില്‍ രണ്ട് ജീവനക്കാരെ സ്ഥലംമാറ്റി. സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറേയുമാണ് സ്ഥലംമാറ്റിയത്. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം.

കൈക്കൂലി കേസില്‍ ആരോപണ വിധേയയായ അസിസ്റ്റന്‍ഡ് എല്‍സിയുടെ നിയമനത്തില്‍ വീഴ്ചയില്ലെന്ന് സര്‍വകലാശാലാ വിസി സാബു തോമസ് വ്യക്തമാക്കി. കേസില്‍ സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സാബു തോമസ് വ്യക്തമാക്കി.

രണ്ട് ദിവസം മുന്‍പാണ് എംബിഎ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്.

ഇതിനിടെ, എല്‍സിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയർന്നിരുന്നു. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്എസ്എല്‍സി പോലും പാസായിരുന്നില്ല. എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്എസ്എല്‍സി പ്ലസ് ടു തുല്യത പരീക്ഷകളും എംജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.

2017ല്‍ അസിസ്റ്റന്റായി ജോലിക്ക് പ്രവേശിക്കുമ്പോള്‍ വേണ്ടുന്ന യോഗ്യതകളെല്ലാം ഇവര്‍ക്കുണ്ടായിരുന്നു. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Similar News