മോദി-പിണറായി സര്‍ക്കാരിന്റെ കള്ള സ്വാതന്ത്ര്യത്തെ കരിദിനമായി ആചരിക്കുക; കമ്പമലയില്‍ മാവോവാദി പോസ്റ്റര്‍

ശനിയാഴ്ച്ച ഉച്ചയോടെയെത്തിയ സംഘം വനം വികസന കോര്‍പ്പറേഷന്റെ ഓഫീസ് പരിസരത്ത് പോസ്റ്ററുകള്‍ പതിക്കുകയും, ബാനര്‍ സ്ഥാപിക്കുകയും ചെയ്തു.

Update: 2021-08-14 13:24 GMT

തലപ്പുഴ: മോദി-പിണറായി സര്‍ക്കാരുകളുടെ കള്ള സ്വാതന്ത്ര്യത്തെ കരിദിനമായി ആചരിക്കണമെന്ന ആഹ്വാനവുമായി സിപിഐ മാവോയിസ്റ്റ്. വയനാട് തലപ്പുഴ കമ്പമല എസ്റ്റേറ്റിലാണ് സായുധധാരികളായ മാവോവാദികളുടെ രാഷ്ട്രീയ പ്രചാരണ കാംപയിന്‍ നടന്നത്. നാലംഗ മാവോവാദി പ്രവര്‍ത്തകരെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചു. ആയുധ ധാരികളായ 2 സ്ത്രീകളും, 2 പുരുഷന്‍മാരുമടങ്ങുന്ന നാലംഗ സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.


ശനിയാഴ്ച്ച ഉച്ചയോടെയെത്തിയ സംഘം വനം വികസന കോര്‍പ്പറേഷന്റെ ഓഫീസ് പരിസരത്ത് പോസ്റ്ററുകള്‍ പതിക്കുകയും, ബാനര്‍ സ്ഥാപിക്കുകയും ചെയ്തു. 1947 ല്‍ ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല പരോക്ഷ അടിമത്തമാണ്. കള്ള സ്വാതന്ത്ര്യത്തിന്റെ ഭൂമിയില്‍ നിന്ന് പുറത്തുവന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുക എന്ന മുദ്രാവാക്യമാണ് സായുധധാരികള്‍ സ്ഥാപിച്ച ബാനറില്‍ പറയുന്നത്.

സിഎഎ, തൊഴിലാളി, കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന് മതന്യൂനപക്ഷങ്ങളെയും കര്‍ഷകരേയും തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും തെരുവിലേക്ക് വലിച്ചെറിയുന്ന മോദി പിണറായി സര്‍ക്കാരിന്റെ കള്ള സ്വാതന്ത്ര്യത്തെ കരിദിനമായി ആചരിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

കമ്പമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികളുടെ ലയങ്ങൾ

കൂടാതെ കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും തോട്ടം തൊഴിലാളികളുടെ പണി, അവകാശികള്‍ക്ക് കൊടുക്കണം, വാസയോഗ്യമായ ഷീറ്റ് രഹിത വീടുകള്‍ നിര്‍മിച്ച് നല്‍കുവാന്‍ തയ്യാറാകണമെന്നും പോസ്റ്ററില്‍ പറയുന്നു.


വനം വികസന കോര്‍പ്പറേഷനു കീഴില്‍ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച എസ്‌റ്റേറ്റാണ് കമ്പമല. കഴിഞ്ഞ ഒരുമാസത്തിലധികമായി ഇവിടത്തെ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതെ പട്ടിണിയിലായ റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Similar News