ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറാൻ ആവശ്യപ്പെടണം; യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ

സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Update: 2022-01-29 07:45 GMT

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറാൻ സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഭേദഗതി ഓര്‍ഡിനന്‍സ് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ഭേദഗതി നടപ്പിലാക്കിയാൽ സിപിഎമ്മിന്‍റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടും. അഴിമതിക്കെതിരേ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്ന് കരുതേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമ ഭേദഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും വിഡി സതീശൻ ആരോപിച്ചു.

സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, 22 വര്‍ഷം പഴക്കമുള്ളൊരു നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ തിടുക്കം ദുരൂഹമാണെന്നും വിഡി സതീശൻ കത്തിലൂടെ പറഞ്ഞു.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍വകലാശാല വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരേ ലോകായുക്ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണം. ഈ കേസുകളില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതുകൊണ്ട് ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദേശം നല്‍കണമെന്നും യെച്ചൂരിയോട് വിഡി സതീശന്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Similar News