പോലിസ് ടെലി മെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡ് സേവനം പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലിസ് കണ്‍ട്രോള്‍ റൂമിലെ 112ല്‍ ബന്ധപ്പെടാം

Update: 2021-05-05 14:37 GMT

തിരുവനന്തപുരം: പോലിസിന്റെ ടെലിമെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ പോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കൊവിഡിനു മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇപ്രിസ്‌ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇപാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെതന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണം.

വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പോലിസിന്റെ സഹായം തേടാം. ഇതിനായി പോലിസ് ആസ്ഥാനത്തെ പോലിസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏതുസമയവും ബന്ധപ്പെടാം. സാമൂഹ്യമാധ്യമങ്ങള്‍ വഴി കൊവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പോലിസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് പോലിസ് മീഡിയാ സെന്റര്‍, സോഷ്യല്‍ മീഡിയാ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. പോലിസിന്റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കും.

വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്‌പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദശം നല്‍കും. ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്‌നമില്ല. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഒക്‌സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഒക്‌സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. അതുവെച്ച് ആവശ്യമായ ഒക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം.

ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കും. മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സിഎഫ്എല്‍ടിസികള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കെഎംഎസ്‌സിഎല്‍, കണ്‍സ്യൂമര്‍ഫെഡ്, സപ്‌ളൈകോ തുടങ്ങിയ സ്‌റ്റേറ്റ്ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും ഈ ഘട്ടത്തില്‍അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ദുരിതാശ്വാസ സഹായങ്ങള്‍ നേരിട്ടോ, സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകള്‍ മുഖേനയോവിതരണം ചെയ്യാം.

ഐസിയു /വെന്റിലേറ്റര്‍/ ഓക്‌സിജന്‍ ബെഡുകള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകള്‍ ആണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ7085 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായിഇപ്പോള്‍ ഉപയോഗിക്കുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കൊവിഡ് ചികിത്സയ്ക്കായിഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News