പോപ്പുലര്‍ ഫിനാന്‍സ് കൂടുതല്‍ പരാതികള്‍ വരുന്നു: ആസൂത്രിത തട്ടിപ്പെന്ന് കുറ്റസമ്മതം; പണം നിക്ഷേപകരറിയാതെ വകമാറ്റി

നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

Update: 2020-09-01 07:15 GMT

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തട്ടിപ്പാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിക്ഷേപകരില്‍ നിന്നു ലഭിച്ച കോടികള്‍ വിദേശത്തേയ്ക്ക് മാറ്റിയെന്ന് പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍, ഭാര്യ പ്രഭ, മക്കളായ റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരെ ഇന്നലെ ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് നാല് പേരും ഇക്കാര്യം സമ്മതിക്കുകയായിരുന്നു.അതേസമയം,തോമസ് ദാനിയലിന്റെ മൂന്നാമത്തെ മകള്‍ റിയ ആന്‍ തോമസിനായി അന്വേഷണം വ്യാപിപ്പിച്ചുവെന്ന് എസ്.പി പറഞ്ഞു.

തട്ടിപ്പിന് ഇരയായ ഉപഭോക്താക്കള്‍ 'പോപ്പുലര്‍ കസ്റ്റമേഴ്സ് ആക്ഷന്‍ കൗണ്‍സില്‍' രൂപീകരിച്ച് മുന്നോട്ട് പോകുകയാണിപ്പോള്‍.

ജിസിസി രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ റോയി ഡാനിയലിനും കുടുംബത്തിനും നിക്ഷേപം ഉളളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.പോപ്പുലര്‍ സംസ്ഥാനത്ത് 250 ല്‍ കൂടുതല്‍ ശാഖകള്‍ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപരെ ഉപഭോക്താക്കളാക്കുകയും ചെയ്തു. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്സ്പോര്‍ട്ടേഴ്സ്, പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്സ് തുടങ്ങിയ പേരുകളില്‍ വിവിധ കമ്പനികള്‍ രൂപീകരിച്ച് അതിലേക്കാണ് ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ വകമാറ്റിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് ഈ കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിക്കുമ്പോള്‍ രസീതുകളും നല്‍കിയിരുന്നത്.പ്രതിസന്ധികള്‍ക്ക് കാരണം ലോക്ക്ഡൗണ്‍ ആണെന്നും മറ്റുമുളള സ്ഥാപന ഉടമകളുടെ വാദങ്ങള്‍ തെറ്റാണെന്നാണ് കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.

പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാല്‍ തിരുവല്ല മജിസ്ട്രേറ്റിന് മുന്‍പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. തോമസ് ഡാനിയലിനെ കൊട്ടാരക്കര സബ്ജയിലിലേക്കും ഭാര്യയെയും പെണ്‍മക്കളെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് അയയ്ക്കുക. തട്ടിപ്പിന് ഇരയായവര്‍ അതാത് സ്റ്റേഷനുകളില്‍ പരാതി നല്‍കണം. അത് കോന്നി സ്റ്റേഷനിലേക്ക് കൈമാറി അവിടെ നിന്നാകും അന്വേഷണം നടക്കുകയെന്ന് ഡി.ജി.പി അറിയിച്ചു.

Tags:    

Similar News