പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും വീടുകളില്‍ വ്യാപക റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു
സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ് ഉള്ളതായി വിവരം ലഭിച്ചു. ഡ്രൈവര്‍ ഉപയോഗിച്ചുവന്ന കാര്‍ കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും മറ്റും വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തിയതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നേതൃത്വത്തില്‍ എട്ട് പോലിസ് ഇന്‍സ്പെക്ടര്‍മാരുടെയും, ഒരു എസ്ഐയുടെയും സംഘങ്ങളാണ് ഒമ്പതിടങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടത്തിയത്. വസ്തുക്കളുടെ പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.
ഏനാത്ത്, കോന്നി, കൂടല്‍, കൊടുമണ്‍, പന്തളം, പുളിക്കീഴ്, വെച്ചൂച്ചിറ, പെരുനാട് പോലിസ് ഇന്‍സ്‌പെക്ടര്‍, എസ്ഐ കോന്നി എന്നിവരാണ് പരിശോധനകള്‍ക്കു നേതൃത്വം കൊടുത്തത്. പോലിസ് ഇന്‍സ്പെക്ടര്‍മാരായ കെ ജയകുമാര്‍ (ഏനാത്ത്), പി എസ് രാജേഷ് (കോന്നി), ടി ബിജു(കൂടല്‍), അശോക് കുമാര്‍ (കൊടുമണ്‍), ശ്രീകുമാര്‍(പന്തളം), ഇ ഡി ബിജു (പുളിക്കീഴ്), സുരേഷ്‌കുമാര്‍ (വെച്ചൂച്ചിറ), മനോജ്കുമാര്‍ (പെരിനാട്), കോന്നി എസ്ഐ കിരണ്‍ എന്നിവരാണ് പരിശോധനകള്‍ നടത്തിയത്. റെയ്ഡ് വൈകിയും തുടരുകയാണ്.
ഡ്രൈവര്‍മാരുടെ വീടുകള്‍, അടുത്ത സുഹൃത്തുക്കള്‍, മനസ്സാക്ഷി സൂക്ഷിപ്പുകാരായ ചിലരുടെ വീടുകള്‍, സ്ഥാപനത്തിന്റെ വകയാറുള്ള ഹെഡ്ക്വാര്‍ട്ടര്‍ അനെക്സ് കെട്ടിടം, ലാബ്, മറ്റ് പഴയ ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടന്നു. കോന്നി, വകയാര്‍, അടൂര്‍, കടമ്പനാട്, മണക്കാല, നെല്ലിമുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ പത്തനാപുരം, പട്ടാഴി, പന്തപ്ലാവ് എന്നിവടങ്ങളിലെ വീടുകളിലും റെയ്ഡ് നടത്തിയതായി ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി. ഭൂമിസംബന്ധമായ രേഖകള്‍, വസ്തുവിന്റെ ആധാരങ്ങള്‍ ഉള്‍പ്പെടെ വിലപ്പെട്ട വസ്തുവകകള്‍ റെയ്ഡില്‍ കണ്ടെടുത്തു.
സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ് ഉള്ളതായി വിവരം ലഭിച്ചു. ഡ്രൈവര്‍ ഉപയോഗിച്ചുവന്ന കാര്‍ കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. വകയാറിലുള്ള പോപുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് അതിന്റെ ഉത്തരവാദപ്പെട്ടവര്‍ എവിടെയെങ്കിലും സ്ഥാവരജംഗമവസ്തുക്കള്‍ വാങ്ങുകയോ സ്വര്‍ണമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളോ ഈട് വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങള്‍ കോന്നി പോലിസ് ഇന്‍സ്പെക്ടറെയോ അടൂര്‍ ഡിവൈഎസ്പിയേയോ ജില്ലാ പോലിസ് മേധാവിയേയോ അറിയിക്കണം. ഇക്കാര്യത്തില്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.