പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമകളായ തോമസ് ഡാനിയേലും ഭാര്യ പ്രഭാ ഡാനിയേലും പിടിയില്‍
തോമസ് ഡാനിയേല്‍ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും പ്രഭാ ഡാനിയേല്‍ മാനേജിങ് പാര്‍ട്ണറുമാണ്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് പത്തനംതിട്ട പോലിസ് ഇരുവരേയും പിടികൂടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: കോന്നിയിലെ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ ഉടമകളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ ഡാനിയേല്‍ എന്നിവര്‍ പിടിയില്‍. തോമസ് ഡാനിയേല്‍ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും പ്രഭാ ഡാനിയേല്‍ മാനേജിങ് പാര്‍ട്ണറുമാണ്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് പത്തനംതിട്ട പോലിസ് ഇരുവരേയും പിടികൂടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സാമ്പത്തിക തട്ടിപ്പില്‍ വിദേശ രാജ്യങ്ങളിലും ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. നിക്ഷേപമായി സ്വീകരിച്ച വന്‍ തുക മടക്കി നല്‍കാതെ ഉടമകള്‍ മുങ്ങിയതോടെയാണ് നിക്ഷേപകര്‍ പരാതികളുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സ്ഥാപന ഉടമകള്‍ക്കെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
നേരത്തെ തോമസ് ഡാനിയേലിന്റെ രണ്ട് മക്കള്‍ ആസ്‌ത്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. ഇരുവരെയും കേരള പോലിസ് ശനിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുഖ്യ പ്രതികളായ തോമസ് ഡാനിയേലും പിടിയിലായത്.