വയനാട്ടിലെ യാത്രാനിരോധനം; രാഹുല്‍ ഗാന്ധി ഇന്നെത്തും
രാവിലെ ഒന്‍പത് മണിയോടെ ബത്തേരിയിലെ സമരപന്തലില്‍ എത്തുന്ന രാഹുല്‍ ഒരു മണിക്കൂറോളം സമരക്കാരോടൊപ്പം ചെലവഴിക്കും.
ബത്തേരി: വയനാട്ടിലെ യാത്രാനിരോധനത്തിനെതിരേ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഊര്‍ജം പകരാന്‍ മണ്ഡലത്തിലെ എംപിയായ രാഹുല്‍ ഗാന്ധി ഇന്ന് എത്തും. രാവിലെ ഒന്‍പത് മണിയോടെ ബത്തേരിയിലെ സമരപന്തലില്‍ എത്തുന്ന രാഹുല്‍ ഒരു മണിക്കൂറോളം സമരക്കാരോടൊപ്പം ചെലവഴിക്കും. സമരത്തിന്റെ ഭാവിയെകുറിച്ച് നിര്‍ണായക തീരുമാനങ്ങള്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിക്കുമെന്നാണ് സംഘാടകര്‍ നല്‍കുന്ന സൂചന. തുടര്‍ന്ന് കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില തീരെ മോശമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം അവസാനിക്കുന്നതുവരെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനിടയില്ലെന്നാണ് അറിയുന്നത്.
ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നൂറുകണക്കിനുപേര്‍ സമരപന്തലിലേക്കെത്തിയിരുന്നു. നാട്ടുകാരടക്കം നിരവധി പേര്‍ ഉപവാസമിരുന്നു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ളയും ഇന്നലെ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 14 നു തങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന നേതാക്കളെ സമരപന്തലിലെത്തിച്ച് സമരത്തിന് പിന്തുണ വിപുലമാക്കാനാണ് ശ്രമം. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ്. യാത്രാനിയന്ത്രണം ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രിംകോടതി ആരാഞ്ഞതോടെയാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ശക്തമായത്. കോടതി തീരുമാനമയതിനാല്‍ യാത്രാവിലക്കിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്.