കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം
കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍എസ്എസിന്റെ ഗാന്ധി പ്രഘോഷണം എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച്ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപസംഗത്തിലാണ് മുസ്ലിം ലീഗ് നേതാക്കള്‍ കൂടി ഉള്‍പ്പെടുന്ന സമസ്തയുടെ പത്രം കോണ്‍ഗ്രസിനെതിരേ വാളോങ്ങിയിരിക്കുന്നത്.
കോഴിക്കോട്: ആര്‍എസ്എസിനും ബിജെപിക്കുമെതിരേ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത ഇകെ വിഭാഗം മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍എസ്എസിന്റെ ഗാന്ധി പ്രഘോഷണം എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച്ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപസംഗത്തിലാണ് മുസ്ലിം ലീഗ് നേതാക്കള്‍ കൂടി ഉള്‍പ്പെടുന്ന സമസ്തയുടെ പത്രം കോണ്‍ഗ്രസിനെതിരേ വാളോങ്ങിയിരിക്കുന്നത്.
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗാന്ധിജിയെ തട്ടിയെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എല്ലാ മേഖലയിലും ആര്‍എസ്എസ് കടന്നുകയറുമ്പോള്‍ കോണ്‍ഗ്രസ് വെറും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ഇന്ത്യന്‍ മതേതരത്വത്തിന് ഇനിയും ആശയറ്റിട്ടില്ലെന്നും കോണ്‍ഗ്രസിന് ഒരു ബദല്‍ ഇല്ലാത്ത കാലത്തോളം പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിപ്പ് തുടരേണ്ടണ്ടി വരുമെന്നും മുഖപ്രസംഗത്തിന്റെ അവസാന ഭാഗത്ത് പറയുന്നു. ആര്‍എസ്എസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാഷിസ്റ്റ് ഭരണത്തിനെതിരേ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല.
മുത്തലാഖിലും കശ്മീരിനെ വിഭജിക്കുന്നതിലും അവര്‍ ആ നയംതുടര്‍ന്നു. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ വ്യാപിക്കുമെന്ന് പറയുന്ന അമിത്ഷാക്കെതിരേ ഒരക്ഷരംപോലും കോണ്‍ഗ്രസ് നേതാക്കള്‍ ഉരിയാടിയിട്ടില്ല. പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് ഉറക്കെപറയാന്‍ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിന് ആവുന്നില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഫാഷിസ്റ്റ് ഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ കാലംതന്നെ അനിവാര്യമായ സംവിധാനമുണ്ടാക്കുമെന്ന് വിശ്വാസിക്കാമെന്ന്, കോണ്‍ഗ്രസിന് ബദലായി മറ്റൊരു രാഷ്ട്രീയം വളര്‍ന്നുവരേണ്ടതുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.