പാഠ്യപദ്ധതിയില്‍ വന്‍ പരിഷ്‌കരണം വരുന്നു; കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസ മന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണുണ്ടാവുക.

Update: 2022-03-12 17:27 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിനായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് അനിവാര്യമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠ്യപദ്ധതി നവീകരിക്കുക. ലിംഗ സമത്വം, ഭരണഘടന, മതനിരപേക്ഷത, കാന്‍സര്‍ അവബോധം, സ്പോര്‍ട്സ്, കല തുടങ്ങിയവയെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ അഭിപ്രായങ്ങളും ഈ കാര്യങ്ങളില്‍ സ്വീകരിക്കും.കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസ മന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണുണ്ടാവുക.

പന്ത്രണ്ടാം ക്‌ളാസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാപരവും അക്കാദമികവുമായ എല്ലാ വശവും സമഗ്രമായി പരിശോധിച്ച് പരിഷ്‌കരണങ്ങള്‍ ആവശ്യമുള്ളപക്ഷം അതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതിനായി പ്രഫ. ഡോ. എം എ ഖാദര്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതി സര്‍ക്കാരില്‍ സമര്‍പ്പിച്ച ഒന്നാം ഭാഗം റിപോര്‍ട്ടില്‍ ഉണ്ടായിരുന്ന ശുപാര്‍ശ അംഗീകരിച്ച് സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ എന്ന പൊതുസംവിധാനം രൂപീകരിച്ചു.

തുടര്‍ന്ന് ,ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനര്‍വിന്യാസം ,സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കല്‍ ,വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകള്‍ ,കെ ഇ ആര്‍ ഭേദഗതികള്‍ ,വിവരാവകാശ അപേക്ഷകള്‍ എന്നീ ജോലികള്‍ നിര്‍വഹിക്കുന്നതിനായി ഗവര്‍മെന്റ് സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.

ഈ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും, സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കുന്നതിനുമായി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ചു. കോര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

Similar News