കോഴിക്കോട് വീട്ടിനുളളിൽ നിലത്ത് പാകിയ ടൈലുകൾ പൊട്ടിത്തെറിച്ചു
അതേസമയം കോഴിക്കോട് പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു.
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയിൽ നിലത്ത് പാകിയ ടൈലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നറിയിച്ച് ജിയോളജി വകുപ്പിനെ സമീപിച്ച് വീട്ടുകാർ. കിനാലൂരിലെ ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിതറിയത്.
രാത്രിയോടെയായിരുന്നു സംഭവം. ടൈലുകൾ പൊട്ടുന്നത് കണ്ട് വീട്ടുകാർ ഉടൻ തന്നെ പുറത്തിറങ്ങി. നാട്ടുകാർ വിവരം പോലിസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലിസ് പരിശോധന നടത്തി. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടിക്കൃഷ്ണൻ ഷിനോദിന്റെ വീട് സന്ദർശിച്ചു. ജിയോളജി അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര് കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം പരിശോധന നടത്തുന്നത്.
ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് സംഘം നടത്തുന്നത്. ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടനയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സര്‍വേ വൈകിട്ട് ഏഴ് മണിക്ക് അവസാനിച്ചു. വെള്ളിയാഴ്ചയും സര്‍വേ തുടരും. ബിജുവിന്റെ വീടിന് സമീപത്ത് ചെങ്കല്‍ വെട്ടിയ പ്രദേശമടക്കം മൂന്നിടങ്ങളിലാണ് പരിശോധന നടത്തുക.