സിപിഎം നേതാക്കളുൾപ്പെട്ട തിരുവല്ല പീഡനക്കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ

ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച ശേഷം ഇവരുടെ നഗ്നചിത്രം പകർത്തിയെന്നാണ് പരാതി.

Update: 2021-12-01 15:16 GMT

പത്തനംതിട്ട: തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസിലെ 11-ാം പ്രതി സജി എലിമണ്ണിലിനെ തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇവർക്കെതിരേ ഐടി നിയമത്തിലെ 67 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ആളുകളുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നാണ് സൂചന.

ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച ശേഷം ഇവരുടെ നഗ്നചിത്രം പകർത്തിയെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ യുവതിയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവർ കേസിൽ പ്രതികളാണ്. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരെയും അഭിഭാഷകനെയും പോലിസ് പ്രതി ചേ‍ർത്തിട്ടുണ്ട്.

സംഭവത്തിൽ പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി പ്രതികരിച്ചത്. സംഭവത്തിൽ മേൽക്കമ്മിറ്റിയുടെ നിർദേശപ്രകാരം നടപടിയുണ്ടാകുമെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ യുവതിയെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നതാണെന്നും ഫ്രാൻസിസ് വി ആൻ്റണി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പാർട്ടി പരിശോധിക്കുമെന്നും ഏരിയ നേതൃത്വം വ്യക്തമാക്കിയിരുന്നു. 

Similar News