ഗുണ്ടാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മിനോട് മല്‍സരിക്കുന്നു: പോപുലര്‍ ഫ്രണ്ട്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് തുടങ്ങിയ സംഘര്‍ഷം കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെയും നേതാക്കളുടെയും ആശീര്‍വാദത്തോടെയാണ് ഇത്രയുംനാളും തുടര്‍ന്നിരുന്നതെന്നാണ് മനസ്സിലാവുന്നത്.
കോഴിക്കോട്: വെഞ്ഞാറമൂട്ടില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഗുണ്ടാ രാഷ്ട്രീയത്തില്‍ സിപിഎമ്മിനോട് മല്‍സരിക്കാന്‍ കോണ്‍ഗ്രസും ഗുണ്ടകളെ വളര്‍ത്തുന്നതിന്റെ ഫലമാണ് വെഞ്ഞാറമൂട്ടില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് തുടങ്ങിയ സംഘര്‍ഷം കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെയും നേതാക്കളുടെയും ആശീര്‍വാദത്തോടെയാണ് ഇത്രയുംനാളും തുടര്‍ന്നിരുന്നതെന്നാണ് മനസ്സിലാവുന്നത്.
അക്രമിസംഘങ്ങളുടെ ഇത്തരം അഴിഞ്ഞാട്ടങ്ങളെ രാഷ്ട്രീയസംഘര്‍ഷങ്ങളെന്ന് വിശേഷിപ്പിച്ച് നിസാരവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഗാന്ധിയന്‍ മാര്‍ഗവും അഹിംസയും പറയുന്ന കോണ്‍ഗ്രസ് പലമേഖലകളിലും ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നതിന്റെ വാര്‍ത്തകള്‍ സമീപകാലത്തായി കൂടുതല്‍ കാണുന്നുണ്ട്. ഗുണ്ടകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവരുന്ന സാഹചര്യവും കേരളം കണ്ടതാണ്. പാര്‍ട്ടി നയനിലപാടുകള്‍ക്ക് പകരം കഠാര രാഷ്ട്രീയം നയമാക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ശൈലി കേരളത്തിലെ സമാധാനാന്തരീക്ഷത്തെ അപായപ്പെടുത്തുകയാണ്.
കൊവിഡ് വ്യാപനം ഏറെക്കൂടുതലുള്ള തിരുവനന്തപുരത്ത് തന്നെയാണ് കേരളത്തെ ഞെട്ടിച്ച ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. അതേസമയം, കേസില്‍ പിടിക്കപ്പെട്ട അക്രമികള്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം നിരുത്തരവാദപരവും പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേരാത്തതുമാണ്.
വസ്തുതകളുടെ പിന്‍ബലമില്ലാതെ കേട്ടുകേള്‍വി ഏറ്റുപറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായ വിവേകമില്ലായ്മയാണ് വ്യക്തമാക്കുന്നത്. കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ചെന്നിത്തല നാലാംകിട രാഷ്ട്രീയം കളിക്കുകയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലെ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎമ്മും കോണ്‍ഗ്രസും പയറ്റുന്ന ഗുണ്ടാരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.