ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകള്‍ കാണാതായ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
യാതൊരു നടപടിക്രമങ്ങളുമില്ലാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കൊവിഡ് കാലത്ത് നടത്തിയത്.ഇതിലെല്ലാം വ്യാപകമായ അഴിമതിയാണ് നടന്നിട്ടുള്ളത്.
കൊച്ചി: ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്നും ഫയലുകള്‍ കാണാതയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യാതൊരു നടപടിക്രമങ്ങളുമില്ലാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കൊവിഡ് കാലത്ത് നടത്തിയത്.ഇതിലെല്ലാം വ്യാപകമായ അഴിമതിയാണ് നടന്നിട്ടുള്ളത്.മൂന്നിരട്ടി വിലകൊടുത്താണ് പി പി കിറ്റുവാങ്ങിയത്.550 രൂപ വിലയുള്ള പി പി കിറ്റ് 1600 രൂപയ്ക്കാണ് വാങ്ങിയത്.അതും ഗുണനിലവാരം കുറഞ്ഞത്. ഒരു കോടി ഗ്ലൗസ് വാങ്ങിയതിലും അഴിമതിയുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ മൂവായിരത്തിലധികം കംപ്യൂട്ടര്‍ ഫയലുകളും 500 ലധികം മറ്റു ഫയലുകളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ് ആരോഗ്യവകുപ്പിലെ 500 ഫയലുകള്‍ കാണാനില്ല. രാഷ്ട്രീയ നേതൃത്വം ഈ അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് അഴിമതി നടന്നിട്ടുള്ളത്. ഒരാളെ മാത്രം സസ്‌പെന്റു ചെയ്തുകൊണ്ട് ഒരാള്‍ മാത്രമാണ് അഴിമതി നടത്തിയിട്ടുള്ളതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമമാണ് നടക്കുന്നത്.രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്ന ഈ അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കണം.അല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ പണമാണ്.1600 കോടി രൂപയുടെ പര്‍ച്ചേസ് എല്ലാ നടപടിക്രമങ്ങളും കാറ്റില്‍ പറത്തി ഒരാളുടെ ലാപ് ടോപ്പിലാണ് നടത്തിയിരിക്കുന്നത്.സ്ഥിരമായി മരുന്നു മേടിക്കുന്ന കമ്പനികളെ ഒഴിവാക്കി വേറെ കമ്പനികളില്‍ നിന്നാണ് മരുന്ന് വാങ്ങിയത്. അവര്‍ക്ക് നൂറുശതമാനം അഡ്വാന്‍സ് നല്‍കാനാണ് ഫയലില്‍ എഴുതി വെച്ചിരിക്കുന്നത്.കേട്ടു കേള്‍വിയില്ലാത്ത പോലെ 50 ശതമാനം അഡ്വാന്‍സ് നല്‍കിയാണ് മരുന്ന് വാങ്ങിയത്.ഇതില്‍ ഉത്തരവാദികളാരെല്ലാമാണോ അതെല്ലാം പുറത്തു വരണം.
കന്റോണ്‍മെന്റ് പോലിസ് ചോദിച്ചിട്ടു പോലും നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് വിവരം കൊടുത്തില്ല.അഴിമതിയുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ ഫയലുകളും മറ്റു ഫയലുകളും എങ്ങനെയാണ് നശിപ്പിക്കപെടുന്നത്.എങ്ങനെയാണ് ഫയലുകള്‍ കാണാതെ പോകുന്നത്.കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.വിഷയത്തില്‍ സത്യസന്ധമായ രീതിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കെ റെയിലിനെതിരെ യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമെന്ന് ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.ജനങ്ങളോടാണ് തങ്ങള്‍ സംസാരിക്കുന്നത്. ഇരകളായി മാറുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ്.കെ റെയില്‍ കേരളത്തിന്റെ നിലനില്‍പ്പിനെതന്നെയാണ് ചോദ്യം ചെയ്യുന്നത്.കടലാസ് പുലികള്‍ ബഹളം ഉണ്ടാക്കിയാല്‍ അതിനു മുന്നില്‍ യുഡിഎഫ് തോറ്റുകൊടുക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.