കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി; സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് അഖിലേന്ത്യാ വ്യാപാരി സമിതി
നോയ്ഡ: കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിനു കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും തങ്ങള്‍ അതിനായി കാത്തിരിക്കുകയാണെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് നാഷണല്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാള്‍.
''ഇത്തരമൊരു തീരുമാനെടുത്തതില്‍ ഞങ്ങള്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എത്രയു പെട്ടെന്ന് ഒരു തീരുമാനമെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ''-ഖണ്ടേല്‍വാള്‍ പറഞ്ഞു.
''കടകള്‍ തുറന്നാലും ജനങ്ങള്‍ കടയും മാര്‍ക്കറ്റുകളും ഉടന്‍ വ്യത്തിയാക്കണം. മാസ്‌ക്കുകളും ഗ്ലൗവ്‌സും ഉപയോഗിക്കണം. സാനിറ്റൈസര്‍ നല്‍കണം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഷോപ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്. അതേസമയം ഹോട്ട്് സ്‌പോട്ടുകളിലും അടച്ചിട്ട പ്രദേശങ്ങളിലും ഇത് ബാധകമല്ല.
മാര്‍ക്കറ്റുകളോട് ചേര്‍ന്ന കടകള്‍ക്കും റസിഡന്‍ഷ്യല്‍ കോപ്ലക്‌സുകളിലെ കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിലെ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവൂ. ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീടത് മെയ് 3 വരെ നീട്ടി.