മരണം മൂന്നിലൊന്നായി കുറയ്ക്കും; കൊവിഡിനെതിരേ ഡെക്‌സാമെതാസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍
വെന്റിലേറ്ററുകളിലെ രോഗികളുടെ മരണസാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താല്‍ ചികില്‍സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു.
ലണ്ടന്‍: കൊവിഡിനെതിരേ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരീക്ഷിച്ചതിന് പിന്നാലെ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍ രംഗത്ത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ ഡെക്‌സാമെതാസോണ്‍ എന്ന മരുന്ന് ഫലപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെതിരേ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന് പരീക്ഷിച്ചത്. ജീവന്‍രക്ഷാ മരുന്നായി ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ കൊവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
വെന്റിലേറ്ററുകളിലെ രോഗികളുടെ മരണസാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താല്‍ ചികില്‍സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം ആശുപത്രി രോഗികള്‍ക്കാണ് ഡെക്‌സാമെതാസോണ്‍ നല്‍കി നല്‍കിയത്. വെന്റിലേറ്ററുകളിലെ രോഗികള്‍ക്ക് ഇത് മരണസാധ്യത 40 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറച്ചു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താല്‍ ചികില്‍സയിലുള്ള രോഗികളുടെ മരണസാധ്യത 25 ല്‍നിന്ന് 20 ശതമാനമായും കുറച്ചതായി കണ്ടെത്തി.
കൊവിഡിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികില്‍സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. കൊവിഡ് രോഗികള്‍ കൂടുതലുള്ള ദരിദ്രരാജ്യങ്ങളില്‍ മരുന്ന് വളരെ ഉപകാരപ്രദമാവും. യുകെ സര്‍ക്കാരിന്റെ കൈവശം രണ്ടുലക്ഷം കോഴ്‌സ് മരുന്ന് ലഭ്യമാണെന്നാണ് റിപോര്‍ട്ട്. രോഗികള്‍ക്ക് ഇതുടന്‍ നല്‍കും. ഇതൊരു ശ്രദ്ധേയമായ ശാസ്ത്രീയനേട്ടമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രഫ. ക്രിസ് വിറ്റിയും പ്രതികരിച്ചു.
മരുന്നിന് ചെലവ് കുറവാണെന്നും ലോകമാകെ ജീവന്‍ രക്ഷിക്കാനായി ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാമെന്നും ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ പ്രഫ.പീറ്റര്‍ ഹോര്‍ബിയും കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരേ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനും പരീക്ഷിച്ചെങ്കിലും ഹൃദയത്തിനു പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ പിന്നീട് ഉപേക്ഷിച്ചു. മറ്റൊരു മരുന്നായ റെംഡിസിവിര്‍ ഹ്രസ്വകാലത്തേക്ക് എന്‍എച്ച്എസ് (നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്) ഉപയോഗിക്കുന്നുണ്ട്.