കൊറോണ: 60 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്

കൊവിഡിനെ നേരിടാന്‍ 100 വികസ്വര രാജ്യങ്ങള്‍ക്ക് 160 ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം നല്‍കിയിട്ടുണ്ടെന്ന് മാല്‍പാസ് പറഞ്ഞു.

Update: 2020-05-20 07:21 GMT

വാഷിങ്ടണ്‍: കൊറോണ വൈറസ് 60 ദശലക്ഷംവരെ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. രാജ്യങ്ങള്‍ പകര്‍ച്ചവ്യാധിയെ നേരിടുന്നതിനാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച ഈവര്‍ഷം അഞ്ചുശതമാനം കുറയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ഇതിനകംതന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ബിസിനസുകള്‍ പരാജയപ്പെട്ടുകയും ചെയ്തു.

ഉപജീവനമാര്‍ഗങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരിയെന്നും ഡേവിഡ് മാല്‍പാസ് ചൂണ്ടിക്കാട്ടി.

ദരിദ്രരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥകള്‍, സാമൂഹ്യസേവനങ്ങള്‍ എന്നിവ ഉയര്‍ത്തുന്നതിന് ലോകബാങ്ക് ഇതുവരെ 5.5 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. കൊവിഡിനെ നേരിടാന്‍ 100 വികസ്വര രാജ്യങ്ങള്‍ക്ക് 160 ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം നല്‍കിയിട്ടുണ്ടെന്ന് മാല്‍പാസ് പറഞ്ഞു. എന്നാല്‍, ലോകബാങ്കിന്റെ സഹായംകൊണ്ട് മാത്രം വികസ്വര രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ദരിദ്രരാജ്യങ്ങള്‍ക്ക് കടാശ്വാസം വാഗ്ദാനം ചെയ്യുന്നതില്‍ വാണിജ്യവായ്പ നല്‍കുന്ന കുത്തക കമ്പനികള്‍ കുതിച്ചുകയറുന്നതില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോകത്താകെ ഏകദേശം 50 ലക്ഷം ജനങ്ങളാണ് കൊറോണ വൈറസ് ബാധിതരായിരിക്കുന്നത്. മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു.

Tags:    

Similar News