മീന്‍പിടിക്കുന്നതിനിടെ നദിയില്‍ വീണ് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം; മുതലകളില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിഡ്‌നി: ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം മീന്‍പിടിക്കുന്നതിനിടെ നദിയില്‍ വീണു. നദിയില്‍ വീണ ഇയാന്‍ ബോതം മുതലകളില്‍ നിന്നും കൂറ്റന്‍ സ്രാവുകളില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും ഉറ്റ സുഹൃത്തുമായ മെര്‍വ് ഹ്യൂസിനൊപ്പമാണ് നാല് ദിവസത്തെ മത്സ്യബന്ധത്തിനായി ഇയാന്‍ ബോതം യാത്ര തിരിച്ചത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ നദിയില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ബോട്ടിന്റെ കയറില്‍ കാല്‍ കുടുങ്ങി ഇയാന്‍ ബോതം നദിയിലേക്ക് വീണത്.
നദിയില്‍ വീണ ഉടനെ തന്റെ ചുറ്റിലും മുതലകളും വമ്പന്‍ സ്രാവുകളും ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ തന്നെ ഉടന്‍ രക്ഷിക്കുകയായിരുന്നുവെന്നും ഇയാന്‍ ബോതം പറഞ്ഞു. വീഴ്ചയില്‍ പരിക്ക് പറ്റിയെന്നും ഇയാന്‍ ബോതം പറയുന്നു. താന്‍ ബോട്ടില്‍ നദിയില്‍ എത്തിയതിനേക്കാള്‍ വേഗത്തില്‍ സുഹൃത്തുക്കള്‍ തന്നെ രക്ഷിച്ചെന്നും ഇയാന്‍ ബോതം പറഞ്ഞു. ക്രിക്കറ്റില്‍ ഒരു കാലത്തെ ചിരവൈരികളായിരുന്നു ഇയാന്‍ ബോതവും മെര്‍വ് ഹ്യൂസും. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇരുവരും ഉറ്റസുഹൃത്തുക്കള്‍ ആവുകയായിരുന്നു.