ചൈനയില്‍ ഹോട്ടലില്‍ പൊട്ടിത്തെറി; ഒമ്പത് മരണം, 10 പേര്‍ക്ക് പരിക്ക്
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രാദേശികഭരണകൂടം അറിയിച്ചു. മൂന്നുനില കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.
ബെയ്ജിങ്: ചൈനയിലെ ഭക്ഷണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിയാംഗ്‌സു പ്രവിശ്യയിലെ വുക്‌സി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രാദേശികഭരണകൂടം അറിയിച്ചു. മൂന്നുനില കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്‌ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചു. 200ലധികം അഗ്‌നിശമനസേനാ അംഗങ്ങള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അഞ്ചുമണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതെന്നും പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.