ഗസ: മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ ഗസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രായേല്‍. മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും (ഐ.ഡി.എഫ്.) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐ.എസ്.എ)യും വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇക്കാര്യം ഇസ്രായേല്‍ സേന പ്രസ്താവനയിലൂടെ അറിയിച്ചത്.
ഗസ മുനമ്പില്‍ ഐ.ഡി.എഫും ഐ.എസ്.എയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഹമാസ് സര്‍ക്കാര്‍ തലവന്‍ റൗഹി മുഷ്താഹ, ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നിവരെ വധിച്ചതായി ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.