ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ നസ്‌റല്ലയുടെ മരുമകനും

Update: 2024-10-03 07:16 GMT

ബെയ്‌റൂത്ത്: ബെയ്‌റൂത്തിലെ സിറ്റി സെന്റട്രലില്‍ ഇസ്രായേല്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലെബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. സിറിയയിലെ ഡമാസ്‌കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍, ഹിസ്ബുല്ല തലവനായിരുന്ന ഹസന്‍ നസ്‌റല്ലയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഡമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിടസമുച്ചയം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ജാഫറിനെ കൂടാതെ ലെബനീസ് പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുല്ലയെ നേരിടാന്‍ ലെബനനിലേക്കു കരമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. അതിര്‍ത്തി പട്ടണമായ മറൂണ്‍ എല്‍ റാസിനു സമീപം റോക്കറ്റുകള്‍ ഉപയോഗിച്ച് 3 ഇസ്രയേലി മെര്‍ക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിനിടെ 8 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഇസ്രായേലിലെ തെല്‍ അവീവിനു നേര്‍ക്കുനടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലക്ഷ്യം നേടിയതായി യമനിലെ ഹൂതി വിമതര്‍ അറിയിച്ചു. ഫലസ്തീന്‍, ലെബനീസ് ജനതയ്ക്കുവേണ്ടിയാണ് പോരാട്ടമെന്ന് ഹൂതി വക്താവ് യഹ്യ സാരി അറിയിച്ചു. ബുധനാഴ്ച ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 85 പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ലെബനനിലെ ബേകാ താഴ്വരയും മൗണ്ട് ലെബനനും ഉള്‍പ്പെടെയുള്ള നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.





Tags:    

Similar News