ഇസ്രായേല്‍ ഫുട്‌ബോളിനെ വിലക്കണം; തീരുമാനം വീണ്ടും മാറ്റി വച്ച് ഫിഫ
എന്നാല്‍ ഈ ഭാഗങ്ങളില്‍ ആറ് ഇസ്രായേല്‍ ക്ലബ്ബുകളാണ് അവരുടെ ഹോം ഗ്രൗണ്ടുകളായി കൈയ്യടിക്കിവച്ചിരിക്കുന്നത്.
സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രായേല്‍ ഫുട്‌ബോളിനെ വിലക്കണമെന്ന ഫലസ്തീന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യകുരുതിയില്‍ പ്രതിഷേധിച്ചായിരുന്നു ഫലസ്തീന്‍ ഇസ്രായേലിനെ വിലക്കണമെന്നാവശ്യപ്പെട്ടത്. സൂറിച്ചില്‍ കഴിഞ്ഞ ദിവസം നടന്ന ഫിഫയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഫലസ്തീന്‍ ഇസ്രായേലിനെതിരേ ഉന്നയിച്ച വസ്തുതകള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം മാത്രമാണ് തീരുമാനം കൈക്കൊള്ളുകയെന്ന് ഫിഫ അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് ഫലസ്തീന്‍ ഇസ്രായേല്‍ ഫുട്‌ബോളിനെയും അവരുടെ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടത്. ഇതിനെ ഇറാനും പിന്തുണച്ചിരുന്നു.
ഫിഫയുടെ വിദഗ്ധ സമിതി ഇസ്രായേലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. ഇസ്രായേല്‍ ഫുട്‌ബോള്‍ ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഫലസ്തീന്‍ ഫിഫയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന ഫിഫ യോഗത്തിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. ഫിഫയുടെ തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വക്താവ് കാറ്റ് എക്‌സില്‍ അറിയിച്ചു.
അധിനിവേശ വെസ്റ്റബാങ്കും ഈസ്റ്റ് ജെറുസലേമും നിലവില്‍ ഇസ്രായേല്‍ എഫ്എയാണ് ഉപയോഗിക്കുന്നത്. ഫലസ്തീന്‍ പ്രദേശമായ ഇവിടെ ഇസ്രായേലിന്റെ കോളനിവത്കരണമാണ് നടക്കുന്നത്. ഫുട്‌ബോളിനെ ഇസ്രായേല്‍ കോളനിവത്കരണത്തിനുള്ള ആയുധമാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇസ്രായേലിനെ വിലക്കുന്നത് വരെ ഫിഫയെ സമ്മര്‍ദ്ധം ചെലുത്തുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു. 12 ഓളം ഫലസ്തീന്‍ ക്ലബ്ബുകളാണ് വെസ്റ്റ് ബാങ്ക് ലീഗിലുള്ളത്.എന്നാല്‍ ഈ ഭാഗങ്ങളില്‍ ആറ് ഇസ്രായേല്‍ ക്ലബ്ബുകളാണ് അവരുടെ ഹോം ഗ്രൗണ്ടുകളായി കൈയ്യടിക്കിവച്ചിരിക്കുന്നത്. ഇതിനെതിരേയും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.