ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് വാങ്ങിയേക്കും
ടിക് ടോക്കിന്റെ പ്രധാന വരുമാന സ്രോതസുകളായ ഇന്ത്യ, യൂറോപ് എന്നിവ ഉള്‍പ്പടെയുള്ള വിപണികളും സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപോര്‍ട്ട്
ന്യൂഡൽഹി: ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെ ആഗോള തലത്തില്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് നടത്തുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വിറ്റില്ലെങ്കില്‍ നിരോധനം നേരിടണമെന്ന അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെ നിബന്ധന വന്നതിന് പിറകെയാണ് മൈക്രോസോഫ്റ്റ് ടിക് ടോക്കുമായി ചര്‍ച്ചനടത്തുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അമേരിക്കയെ കൂടാതെ കാനഡ, ന്യൂസീലാന്‍ഡ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റുമായി ചർച്ചകൾ ആരംഭിച്ച കാര്യം ബൈറ്റ്ഡാന്‍സ് കമ്പനി സ്ഥിരീകരിച്ചു.
ടിക് ടോക്കിന്റെ പ്രധാന വരുമാന സ്രോതസുകളായ ഇന്ത്യ, യൂറോപ് എന്നിവ ഉള്‍പ്പടെയുള്ള വിപണികളും സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപോര്‍ട്ട്. എന്തായാലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ടിക് ടോക്കിനെ വില്‍ക്കുന്നതിനായി സെപ്തംബര്‍ 20 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇത് നടപ്പാക്കാനായില്ലെങ്കില്‍ ടിക് ടോക്ക് അമേരിക്കയില്‍ പൂര്‍ണമായും നിരോധിക്കപ്പെടും.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തല്‍, ദേശ സുരക്ഷ തുടങ്ങിയ ആരോപണങ്ങളാണ് അമേരിക്ക ടിക് ടോക്കിനെതിരേ ഉന്നയിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണകൂടം ടിക് ടോക്ക് ഉള്‍പ്പടെ 57 ചൈനീസ് ആപ്പുകളും ഈ ആപ്പുകളുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ആപ്പുകളും നിരോധിച്ചിരുന്നു. മൈക്രോസോഫ്റ്റുമായുള്ള ഇടപാട് പൂര്‍ത്തിയായാല്‍ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് അത് വഴിയൊരുക്കും.