മുഹമ്മദ് യൂനുസ് പാരീസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു; ഇടക്കാല സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

Update: 2024-08-08 06:11 GMT

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാറിനെ നയിക്കും. ഇതിനിടെ ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിലായിരുന്ന യൂനുസ് ചടങ്ങിന് വേണ്ടി ധാക്കയിലേക്ക് തിരിച്ചു. ഇന്ന് രാത്രി 8 മണിക്ക് ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൈനിക മേധാവി ജനറല്‍ വാഖര്‍ ഉസ് സമാന്‍ അറിയിച്ചു.

'ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്നും നേരിടുന്ന പ്രശ്നത്തില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്നും ആലോചിക്കേണ്ടതുണ്ടെ'ന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്തതിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീന്‍ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇടക്കാല സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ 10-14 പ്രമുഖരുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക വിദ്യാര്‍ത്ഥി നേതാക്കള്‍ നല്‍കിയിരുന്നു. രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് തീരുമാനത്തോടുള്ള യൂനുസിന്റെ പ്രതികരണം. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞിരുന്നു.


Tags:    

Similar News