ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസയുടെ 'സോഫിയ'

ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്.

Update: 2020-10-27 07:25 GMT

ന്യൂയോർക്ക്: ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചതായി നാസ. നാസയുടെ സ്റ്റാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) എന്ന നിരീക്ഷണ സംവിധാനത്തിന്റേതാണ് ഈ കണ്ടുപിടുത്തം.

ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രനിലെ തെക്കൻ അർധ ഗോളത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നാണ്​ ക്ലാവിയസ്. ഈ സാഹചര്യത്തില്‍ തണുപ്പുള്ളതും നിഴല്‍ വീഴുന്നതുമായ ഭാഗങ്ങളില്‍ മാത്രമല്ല, ചന്ദ്രന്റെ ഭൂരിഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.

ചന്ദ്രോപരിതലത്തില്‍ 40,000 ചതുരശ്ര കിലോമീറ്ററില്‍ അധികം തണുത്തുറഞ്ഞ നിലയില്‍ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്‌നിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ഇത് മുന്‍പ് കണക്കുകൂട്ടിയതിനേക്കാള്‍ 20 ശതമാനത്തോളം കൂടുതലാണ്.

2009ല്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തല്‍ ചാന്ദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Similar News