ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ട്വിറ്റര്‍; ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലിചെയ്യാം
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആദ്യമായി വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ കമ്പനികളിലൊന്നാണ്. ഈ നയം മുമ്പോട്ടും തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോ: ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലിചെയ്യാന്‍ അനുമതി നല്‍കി ട്വിറ്റര്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിയ ഓഫിസുകള്‍ സപ്തംബറിനു മുമ്പ് തുറക്കാന്‍ സാധ്യതയില്ലെന്നും സ്ഥിരമായി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുമാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. അതിനനുസരിച്ച് സ്ഥാപനത്തിന്റെ നയങ്ങളില്‍ മാറ്റംവരുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ഉദ്ധരിച്ച് ബസ്ഫീഡ് ന്യൂസാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആദ്യമായി വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ കമ്പനികളിലൊന്നാണ്. ഈ നയം മുമ്പോട്ടും തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്.
വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. ഈ രീതിയില്‍ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞങ്ങള്‍ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ പ്രാപ്തരാണെങ്കില്‍ അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കും. ജീവക്കാരുടെ സുരക്ഷയ്ക്ക് ഞങ്ങള്‍ ഒന്നാം സ്ഥാനം നല്‍കുന്നത് തുടരും. ഓഫിസുകള്‍ സപ്തംബറിനു മുന്നേ തുറക്കില്ല. സുരക്ഷിതമെന്ന് തോന്നിയാല്‍ വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂര്‍വമായിരിക്കും. അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ല. അധികമുന്‍കരുതലുകളെടുത്തായിരിക്കും.
ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആദ്യമേ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ട്വിറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനി തുറന്നാലും ഓഫിസില്‍ വരണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കായിരിക്കുമെന്ന് ട്വിറ്റര്‍ ചീഫ് എച്ച്ആര്‍ ഓഫിസര്‍ ജെന്നിഫര്‍ ക്രിസ്റ്റി വിശദീകരിച്ചു. സപ്തംബറിന് മുമ്പ് ബിസിനസ് യാത്രകളൊന്നുമുണ്ടാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനംവരെ ഒട്ടുമിക്ക ജീവനക്കാര്‍ക്കും വീട്ടിലിരുന്ന ജോലിചെയ്യാന്‍ അനുവാദം നല്‍കിയതായി കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചില ജീവനക്കാര്‍ക്ക് ജൂണ്‍ മുതല്‍ ഓഫിസിലെത്തേണ്ടിവരുമെന്നും മറ്റുള്ളവര്‍ക്ക് വര്‍ഷാവസാനംവരെ വീട്ടിലിരുന്ന് ജോലിതുടരാമെന്നും ഗൂഗിളും അറിയിച്ചിട്ടുണ്ട്.