പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവാസികള്‍ ഒന്നിക്കണം: അബ്ദുല്‍ മജീദ് ഫൈസി

വിവിധ രീതിയില്‍ ഉള്ള അക്രമങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമമാണിത്.

Update: 2019-12-09 12:33 GMT

റിയാദ്: രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പീഡിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവാസികള്‍ ഒന്നിക്കണമെന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് കമ്മറ്റി റിയാദില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വം ഉള്‍പ്പെടെയുള്ള മൂല്യങ്ങള്‍ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത ഈ ബില്ലിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രീതിയില്‍ ഉള്ള അക്രമങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമമാണിത്. തീര്‍ത്തും വര്‍ഗീയ താത്പര്യമുള്ള ഈ ബില്ലിനെതിരേ മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രിംകോടതിയുടെ വിചിത്ര വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കുന്നതിന് പകരം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കുന്ന പുതിയ രീതിയിലേക്ക് നീതിന്യായ വ്യവസ്ഥ മാറിയിരിക്കുന്നു. ഭാവിയിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഈ വിധിയെ അടിസ്ഥാനമാക്കിയാവും കീഴ്‌ക്കോടതികള്‍ വിധി നിര്‍ണ്ണയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. വിവിധ ബ്ലോക്ക് കമ്മറ്റികളുടെ നേത്യത്വത്തില്‍ അബ്ദുല്‍ മജീദ് ഫൈസിക്ക് ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. സ്‌റ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ പുതുവല്‍സര കലണ്ടര്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തൂര്‍ അബ്ദുല്‍ മജീദ് ഫൈസിക്ക് നല്‍കി പ്രകാശനം ചെയ്തു. 

Similar News