നടക്കാവ് സ്‌ക്കൂള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം

യുഎഇ ആസ്ഥാനമായുള്ള കെഫ് ഹോള്‍ഡിങ്‌സ് കമ്പനിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ ഫൈസല്‍ & ഷബാന ഫൌണ്ടേഷന്‍ നേതൃത്വം നല്‍കി പുനര്‍വികസിപ്പിച്ച കോഴിക്കോട് നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയം എന്ന ബഹുമതി നേടി.

Update: 2019-09-18 12:49 GMT

ദുബയ്: യുഎഇ ആസ്ഥാനമായുള്ള കെഫ് ഹോള്‍ഡിങ്‌സ് കമ്പനിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ ഫൈസല്‍ & ഷബാന ഫൌണ്ടേഷന്‍ നേതൃത്വം നല്‍കി പുനര്‍വികസിപ്പിച്ച കോഴിക്കോട് നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയം എന്ന ബഹുമതി നേടി. ഏകദേശം 120 വര്‍ഷം പഴക്കമുള്ള വിദ്യാലയം 2013ലാണ് ഫൗണ്ടേഷന്‍ പുനര്‍നിര്‍മ്മിച്ചത്. കോഴിക്കോട് നോര്‍ത്ത് എം. എല്‍. എ. എ. പ്രദീപ് കുമാര്‍ വിഭാവനം ചെയ്ത പ്രിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും എഡ്യൂക്കേഷന്‍ വേള്‍ഡ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ നടക്കാവ് സ്‌കൂള്‍ ഉയര്‍ന്ന റാങ്കിങ് സ്വന്തമാക്കിയിരുന്നു. ഇപ്പോളിതാ ഇ.ഡബ്ല്യൂ ഇന്ത്യ സ്‌കൂള്‍ റാങ്കിങ് 201920 പട്ടികയില്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി കേരളത്തിന് അഭിമാനമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ സര്‍വ്വേ ആണ് ഇ.ഡബ്ല്യൂ ഇന്ത്യ സ്‌കൂള്‍ റാങ്കിങ്. പതിനാലു വിഭാഗങ്ങളിലാണ് സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തുന്നത്. നടക്കാവ് സ്‌കൂള്‍ ആകെ 1061 പോയിന്റ് നേടി. അധ്യാപകരുടെ പ്രാവീണ്യം, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, കായിക വിദ്യാഭ്യാസം, നേതൃത്വ പാടവം തുടങ്ങിയവയില്‍ സ്‌കൂള്‍ മികച്ച സ്‌കോര്‍ നേടി.

സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിക്കാനും, അതിലൂടെ ഇതര സ്‌കൂളുകളുടെ വികസനത്തിനും, വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനും മികച്ച മാതൃക ആണ് നടക്കാവ് സ്‌കൂള്‍ എന്ന് ഫൈസല്‍ & ഷബാന ഫൗണ്ടേഷന്റെ സ്ഥാപകനും, കെഫ് ഹോള്‍ഡിങ്‌സ് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ കോട്ടിക്കോളോന്‍ പറഞ്ഞു. ഗുണപരമായ സാമൂഹിക മാറ്റമാണ് ഫൌണ്ടേഷന്‍ ലക്ഷ്യമാക്കുന്നതെന്നും നടക്കാവ് സ്‌കൂള്‍ പുനര്‍ നിര്‍മാണം വിദ്യാഭ്യാസ മേഖലയിലെ ഫൗണ്ടേഷന്റെ ആദ്യത്തെ സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷത്തിലേറെ മുന്‍പ് ഫൗണ്ടേഷനു രൂപം നല്‍കുമ്പോള്‍ സാമൂഹിക പ്രസക്തിയുള്ള സംരഭങ്ങളിലൂടെ കാതലായ മാറ്റങ്ങള്‍ കൈ വരുകയായിരുന്നു ലക്ഷ്യമെന്ന് ഫൈസല്‍ & ഷബാന ഫൗണ്ടേഷന്റെ സ്ഥാപകയും, കെഫ് ഹോള്‍ഡിങ്‌സ് കമ്പനിയുടെ വൈസ് ചെയര്‍പേഴ്‌സനുമായ ഷബാന ഫൈസല്‍ പറഞ്ഞു. ഈ അംഗീകാരം സ്‌കൂളിലെ 2600ഇല്‍പ്പരം വിദ്യാര്‍ഥിനികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു എന്നതിന് തെളിവാണ്. അവരുടെ സമഗ്ര വ്യക്തിത്വ വികസനത്തിനാണ് സ്‌കൂള്‍ ഊന്നല്‍ നല്‍കുന്നത്. ഇതിലൂടെ ഭാവിയില്‍ അവര്‍ക്കു കൂടുതല്‍ ഉയരങ്ങളില്‍ എത്താനും സമൂഹത്തിനു ഗണ്യമായ സംഭാവനകള്‍ നല്‍കാനും സാധിക്കും. നടക്കാവ് സ്‌കൂളിന് വേണ്ടി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കിയ വികസനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഗ്ലാസ്‌ഗോയിലെ സ്ട്രാത്ക്‌ളൈഡ് സര്‍വകലാശാലയിലെ പഠന വിഷയമാണ് ഇന്ന് ഈ സാമൂഹിക ജീവകാരുണ്യ പദ്ധതി. നടക്കാവ് സ്‌കൂള്‍ നേടിയ വന്‍ മുന്നേറ്റത്തെ തുടര്‍ന്ന്, ഈ വികസന മാതൃക കേരളം സര്‍ക്കാര്‍ സംസ്ഥാനത്തെ 1000 സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. 

Tags:    

Similar News