കുവൈത്ത് വിമാനതാവളത്തില്‍ യൂസര്‍ ഫീ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
കുവൈത്ത് സിറ്റി : കുവൈത്ത് വിമാനതാവളത്തില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യൂസര്‍ ഫീ ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കുവൈത്ത് വിമാന താവളം വഴി പുറപ്പെടുന്ന യാത്രക്കാര്‍ക്ക് 3 ദിനാറും കുവൈത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 2 ദിനാറുമാണു സേവന ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ഇത് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഭവന, സേവന കാര്യ മന്ത്രി അബ്ദുല്ല അല്‍ മ' അറഫി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി. നേരത്തെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നിരക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സിവില്‍ വ്യോമയാന സമിതി വക്താവ് സ' അദ് അല്‍ ഒതൈബി അറിയിച്ചു.വിമാനതാവള സേവന ഫീസ് 8 ദിനാര്‍ ആയി നിശ്ചയിച്ചു കൊണ്ട് വളരെ കാലം മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സേവന നിരക്കില്‍ അടിസ്ഥാന പരമായി 3 ദിനാര്‍ കുറവ് വരുത്തുകയാണു ചെയ്തത്. ഇരു ദിശകളിലേക്കും 5 ദിനാര്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ സേവന നിരക്ക് ആണു. ജൂണ്‍ ഒന്നു മുതല്‍ ഓരോ യാത്രക്കാരില്‍ നിന്നും വിമാന കമ്പനികള്‍ മുഖേനെ ടിക്കറ്റ് നിരക്കിനോടൊപ്പം സേവന ഫീസ് കൂടി ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.