സൗദി രാജകുടുംബത്തിലും കൊവിഡ്; റിയാദ് മുന്‍ ഗവര്‍ണര്‍ ഗുരുതരാവസ്ഥയില്‍

അല്‍-സൗദ് വംശജരെ ചികില്‍സിക്കുന്ന എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരായ മറ്റ് രാജകുടുംബാംഗങ്ങളുടെയും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെയും അടുത്തുള്ളവരുടെയും ചികില്‍സയ്ക്കായി 500 കിടക്കകള്‍ തയ്യാറാക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അയച്ച രഹസ്യ 'ഉന്നത ജാഗ്രതാ' നിര്‍ദേശത്തില്‍ വ്യക്തമാക്കി.

Update: 2020-04-09 03:45 GMT

റിയാദ്: സൗദി രാജകുടുംബത്തിലും കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. റിയാദിന്റെ ഗവര്‍ണറായിരുന്ന മുതിര്‍ന്ന സൗദി രാജകുമാരന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. രാജകുടുംബത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ക്കും അസുഖം ബാധിച്ചതായാണ് റിപോര്‍ട്ട്. അല്‍-സൗദ് വംശജരെ ചികില്‍സിക്കുന്ന എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരായ മറ്റ് രാജകുടുംബാംഗങ്ങളുടെയും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെയും അടുത്തുള്ളവരുടെയും ചികില്‍സയ്ക്കായി 500 കിടക്കകള്‍ തയ്യാറാക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അയച്ച രഹസ്യ 'ഉന്നത ജാഗ്രതാ' നിര്‍ദേശത്തില്‍ വ്യക്തമാക്കി.

സൗദി അറേബ്യയില്‍ ആദ്യ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്ത ആറാഴ്ച പിന്നിടുമ്പോഴാണ് രാജകുടുംബത്തിലും രോഗഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രോഗഭീതിയുള്ളതിനാല്‍ 84 കാരനായ സല്‍മാന്‍ രാജാവ് രാജ്യതലസ്ഥാനമായ റിയാദിലെ കൊട്ടാരത്തില്‍നിന്ന് മാറി ചെങ്കടലിലെ ജിദ്ദ നഗരത്തിനടുത്തുള്ള ഒരു ദ്വീപിലെ കൊട്ടാരത്തില്‍ കുടുംബാംഗങ്ങളില്‍നിന്നകന്ന് താമസിക്കുകയാണെന്ന് മാധ്യമറിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സല്‍മാന്‍ രാജാവിന്റെ മകനും 34 കാരനുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സഹമന്ത്രിമാരും ചെങ്കടല്‍ തീരത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ട്. രാജകുടുംബത്തിലെ 150 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി രാജകുടുംബവുമായി അടുത്ത വ്യക്തി പറയുന്നു.

രാജ്യമെമ്പാടുമുള്ള വിഐപികള്‍ക്കായി തയ്യാറായിരിക്കണമെന്ന് എലൈറ്റ് ഫെസിലിറ്റിയുടെ ഓപറേറ്റര്‍മാരായ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ചൊവ്വാഴ്ച രാത്രി വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് അയച്ച ഇ- മെയില്‍ സന്ദേശത്തില്‍ നിര്‍ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് 2ന് രാജ്യത്ത് ആദ്യകേസ് റിപോര്‍ട്ട് ചെയ്യുന്നതിന് മുമ്പുതന്നെ ഭരണാധികാരികള്‍ സൗദി അറേബ്യയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുകയും മുസ്‌ലിം പുണ്യസ്ഥലങ്ങളായ മക്കയിലെയും മദീനയിലേക്കും തീര്‍ത്ഥാടനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളെല്ലാം 24 മണിക്കൂര്‍ ലോക്ക് ഡൗണിന് കീഴിലാണ്. നാല് ഗവര്‍ണറേറ്റുകളിലും അഞ്ച് നഗരങ്ങളിലും ദിവസേനയുള്ള കര്‍ഫ്യൂ കാലയളവ് അധികൃതര്‍ തിങ്കളാഴ്ച നീട്ടിയിട്ടുണ്ട്. 

Tags:    

Similar News