ആലുവ മണ്ഡലത്തിലെ 10 പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കും: അന്‍വര്‍ സാദത്ത് എംഎല്‍എ
ജിദ്ദ: ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ടിക്കറ്റെടുക്കാന്‍ പ്രയാസമുള്ള 10 നിര്‍ധനരായ പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്തുനല്‍കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന വീടണയാന്‍ യൂത്ത് കെയറിന്റെ കരുതല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നല്‍കുക. ഇതിനായുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ ആലുവ കൂട്ടായ്മയും യുഎഇയിലെ അരോമ ആലുവ കൂട്ടായ്മയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്‍വര്‍ സാദത്തുമയി നടത്തിയ ചര്‍ച്ചയില്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ വിമാന ടിക്കറ്റെടുക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ കുറിച്ച് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുറഞ്ഞത് 10 പേരെയെങ്കിലും സഹായിക്കാനുള്ള നടപടി ആരംഭിച്ചതെന്നും ഇനിയും സ്‌പോണ്‍സര്‍മാരെ കിട്ടുന്നതനുസരിച്ച് കൂടുതല്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ശ്രമിക്കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് 0091 98468 87886 ഈ നമ്പറില്‍ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. ഇതുപോലെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആലുവയിലെ പാവപ്പെട്ട രോഗികളായ 5842 പേര്‍ക്ക് 32,57,000 രൂപയുടെ മരുന്ന് എത്തിച്ചുനല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.