ദുബയില്‍ പരിശീലന പറക്കലിനിടെ അപകടം; 'ഫ്രഞ്ച് ജെറ്റ്മാന്‍' പൈലറ്റ് വിന്‍സ് റെഫെറ്റ് മരിച്ചു
2015 നവംബറില്‍ റോസിയും റെഫെറ്റും ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ പാം ജുമൈറയ്ക്കു മുകളിലൂടെ 4,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന്റെ മുകളില്‍ ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു.
ദുബയ്: പ്രശസ്ത ഫ്രഞ്ച് 'ജെറ്റ്മാന്‍' വിന്‍സ് റെഫെറ്റ് (36) ദുബയില്‍ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച മരുഭൂമിയില്‍ പരിശീലന പറക്കലിനിടെ റെഫെറ്റ് അപകടത്തില്‍പ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദുബയിലെ ജുമൈറ ബീച്ചില്‍നിന്ന് 1,800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ജെറ്റ്മാന്‍ ദുബയ് വക്താവ് അബ്ദുല്ല ബിന്‍ഹാബൂര്‍ എഎഫ്പിയോട് പറഞ്ഞു.
ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും ബിന്‍ഹാബൂര്‍ കൂട്ടിച്ചേര്‍ത്തു. ജെറ്റ് പവര്‍, കാര്‍ബണ്‍ഫൈബര്‍ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് ദുബയില്‍ ആദ്യമായി മനുഷ്യപറക്കല്‍ നടത്തിയ വ്യക്തിയാണ് റെഫെറ്റ്. ജെറ്റ്മാന്‍ ദുബയ് കമ്പനിയുടെ ഭാഗമായി നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം 6,000 അടി ഉയരത്തില്‍ പറന്നത് ലോകശ്രദ്ധ നേടിയിരുന്നു. ജെറ്റ്മാന്‍ എന്നറിയപ്പെടുന്ന സ്വിസ് പൈലറ്റ് യെവ്സ് റോസിയാണ് വിമാനച്ചിറകുകളുടെ മാതൃകയിലുള്ള കൊച്ചുയന്ത്രസംവിധാനം നിര്‍മിച്ചത്. 2015 നവംബറില്‍ റോസിയും റെഫെറ്റും ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ പാം ജുമൈറയ്ക്കു മുകളിലൂടെ 4,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന്റെ മുകളില്‍ ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. മണിക്കൂറില്‍ 402 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
വിന്‍സ് റെഫെറ്റിന്റെ വിയോഗം തങ്ങള്‍ക്ക് സഹിക്കാനാവാത്ത ദു:ഖമാണെന്ന് ജെറ്റ്മാന്‍ ദുബായ് വക്താവ് പറയുന്നു. വിന്‍സ് കഴിവുള്ള ഒരു കായികതാരമായിരുന്നു, ഞങ്ങളുടെ ടീമിലെ വളരെയധികം സ്‌നേഹിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന അംഗമായിരുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും എപ്പോഴും അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുണ്ടാവുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.