ദുബയില്‍ രാഹുല്‍ കഴിച്ചത് ഒന്നര ലക്ഷം രൂപയുടെ പ്രാതല്‍? വാസ്തവം ഇതാണ്
ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി, എം എ യൂസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ എന്നിവര്‍ അടക്കമുളളവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
ദുബയ്: കഴിഞ്ഞയാഴ്ച്ച രാഹുല്‍ ഗാന്ധി നടത്തിയ യുഎഇ സന്ദര്‍ശനം വന്‍ വിജയമായതോടെ വ്യാജ പ്രചരണവുമായി സംഘപരിവാരം രംഗത്ത്. യുഎഇ സന്ദര്‍ശനത്തിനിടെ രാഹുല്‍ ബീഫ് അടങ്ങിയ ചെലവേറിയ പ്രഭാതഭക്ഷണം കഴിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.
ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി, എം എ യൂസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ എന്നിവര്‍ അടക്കമുളളവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഹില്‍ട്ടണ്‍ ഹോട്ടലില്‍ 1500 പൗണ്ട് (ഏകദേശം 1,36,000 രൂപ) വില വരുന്ന പ്രഭാത ഭക്ഷണം രാഹുല്‍ ഗാന്ധി കഴിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. നേര്‍ത്ത രീതിയില്‍ മുറിച്ച് വെച്ചിരിക്കുന്ന മാംസം ബീഫാണെന്നും പ്രചരണം നടന്നു.
ഹില്‍ട്ടനില്‍ ഒരാള്‍ക്ക് ആളൊന്നിന് 1500 പൗണ്ട വരുന്ന പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി പട്ടിണിയെ കുറിച്ച് ചര്‍ച്ച ചെയ്തു എന്നാണ് പ്രചാരണ പോസ്റ്റുകളിലെ പരിഹാസം. സംഘപരിവാരവുമായി ബന്ധപ്പെട്ട പേജുകളിലാണ് വ്യാപക പ്രചരണം നടക്കുന്നത്. ട്വിറ്ററില്‍ തുടങ്ങിയ പോസ്റ്റ് പിന്നീട് ഫെയ്‌സ്ബുക്കിലും വാട്‌സ്ആപിലും പ്രചരിച്ചു. റിഷി ബാഗ്രി എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു പ്രചരണം തുടങ്ങിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, സ്മൃതി ഇറാനി എന്നിവരൊക്കെ ഫോളോ ചെയ്യുന്നയാളാണ് റിഷി ബാഗ്രി. നേരത്തേയും പല വ്യാജ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഈ അക്കൗണ്ടില്‍ നിന്നാണ്.
പ്രചരണം വ്യാജമാണെന്ന് തെളിയിക്കാന്‍ പോന്നതായിരുന്നു വാചകത്തിലെ തന്നെ ആദ്യ അബദ്ധം. ദുബയ് കറന്‍സി ദിര്‍ഹം ആണെന്നിരിക്കെയാണ് 1500 പൗണ്ട് ആണ് ഭക്ഷണത്തിനെന്ന് പ്രചരിപ്പിച്ചത്. ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കിയുടെ വസതിയിലായിരുന്നു രാഹുലിന് പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. ഇതാണ് ഹില്‍ട്ടണ്‍ ഹോട്ടലിലെന്ന് പ്രചരിപ്പിച്ചത്. സണ്ണി വര്‍ക്കിയുടെ വീട്ടിലാണ് വിരുന്ന് നടന്നതെന്ന് യൂസുഫ് അലിയുടെ ഓഫിസും സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് വക്താവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 11നാണ് ഇവിടെ രാഹുല്‍ ഗാന്ധിക്ക് വിരുന്ന് നല്‍കിയത്. രാഹുല്‍ ഗാന്ധി ബീഫ് ആയിരുന്നു കഴിച്ചത് എന്നായിരുന്നു മറ്റൊരു പ്രചരണം. എന്നാല്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് രാഹുലിന്റെ മുമ്പിലുളളതെന്നും കോണ്‍ഗ്രസ് വക്താവ് വെളിപ്പെടുത്തി.