നിങ്ങളാണ് ഈ നാട് നിര്‍മിച്ചത്, നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ വന്നത്: പ്രവാസികളില്‍ ആവേശമുയര്‍ത്തി രാഹുല്‍
ഞാന്‍ വന്നത് മന്‍കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസു തുറന്ന് കേള്‍ക്കാനാണെന്നും നരേന്ദ്ര മോദിയെ പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു
ദുബയ്: ദുബയ് എന്ന മഹാഗരം നിര്‍മിക്കാന്‍ വിയര്‍പ്പൊഴുക്കിയത് നിങ്ങളാണ്. ഉയര്‍ന്ന് നില്‍ക്കുന്ന ഈ അംബരചുംബുകള്‍ നിങ്ങളുടെ രക്തവും സമയവുമാണ്. നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. ദുബയ് ജബല്‍ അലിയിലെ ലേബര്‍ക്യാംപില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് തൊഴിലാളികള്‍ നിറഞ്ഞ കൈയടികളോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ ഏറ്റെടുത്തത്.
ഞാന്‍ വന്നത് മന്‍കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസു തുറന്ന് കേള്‍ക്കാനാണെന്നും നരേന്ദ്ര മോദിയെ പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.നിങ്ങളോടൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും. രാജ്യത്ത് പോര്‍മുഖം തുറന്നു കഴിഞ്ഞു. നിങ്ങെളല്ലാം ഒപ്പം വേണം. നാം വിജയിക്കാന്‍ പോവുകയാണ്? രാഹുല്‍ പറഞ്ഞു. ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു.
വ്യാഴാഴ്ച വൈകീട്ട് യുഎഇയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ദിവസം തുടങ്ങിയത് യുഎഇയിലെ ഇന്ത്യന്‍ പ്രമുഖരുമൊത്തുള്ള പ്രഭാത ഭക്ഷണത്തോടെയാണ്. ഇന്ത്യന്‍ സ്ഥാനപതി ഡോ.നവ്ദീപ് സിങ് സുരി, ലുലു ഗ്രൂപ്പ് മേധാവി എം എ യൂസുഫലി, ഫിനേബ്ലര്‍ മേധാവി ഡോ. ബി ആര്‍ ഷെട്ടി, ജംസ് ഗ്രൂപ്പ് സ്ഥാപകന്‍ സണ്ണി വര്‍ക്കി, അമാനത്ത് ഹോള്‍ഡിങ്‌സ് മേധാവി ഡോ. ശംസീര്‍ വയലില്‍, ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയ പ്രമുഖരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.
യുഎഇ സമയം വൈകീട്ട് 4ന് രാജ്യാന്തര ക്രിക്കറ്റ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പതിനായിരങ്ങള്‍ എത്തും. വിവിധ എമിറേറ്റുകളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വിവിധ നൃത്ത, സംഗീത പരിപാടികള്‍ കോര്‍ത്തിണക്കി സാംസ്‌കാരിക സന്ധ്യയും ഒരുക്കിയിട്ടുണ്ട്.