സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു
ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
റിയാദ്: സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വിലക്ക്. അല്ലാഹുവിന്റെ നാമം, ഏകദൈവത്വ വചനം (കലിമ), രാജ്യചിഹ്നമായ 'രണ്ട് വാളുകളും ഈന്തപ്പനയും' എന്നിവ ഉള്‍പ്പെടുന്ന സൗദി പതാകയുടെ വാണിജ്യപരമായ ദുരുപയോഗത്തിനാണ് വിലക്ക്.
കൂടാതെ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, മീഡിയ ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ എന്നിവയിലൊന്നും ഇവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ സമയത്തും ഈ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാര്‍ക്കറ്റുകളില്‍ പരിശോധനാ പര്യടനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. വാണിജ്യ ഇടപാടുകളില്‍ 'രണ്ട് വാളും ഈന്തപ്പനയും' എന്ന രാജ്യചിഹ്നം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് നാല് വര്‍ഷം മുമ്പ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.