കടുത്ത പേശിവേദന; അഞ്ച് മിനുട്ട് പോലും നടക്കാനായില്ല: കൊവിഡ് അതിജീവനത്തെക്കുറിച്ച് അര്‍ജന്റീനിയന്‍ താരം പൗലോ ഡിബാല

കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല.

Update: 2020-03-28 04:32 GMT

മിലന്‍: കൊവിഡ് രോഗബാധ അതിജീവിച്ചതിനെക്കുറിച്ച് മനസുതുറന്ന് യുവന്റസിന്റെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം പൌളോ ഡിബാല. തനിക്ക് ശക്തമായ കൊവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാന്‍പോലും ശരിക്കും ബുദ്ധിമുട്ടിയെന്നും ഡിബാല പറഞ്ഞു.

ഇപ്പോള്‍ എനിക്ക് നടക്കാം, ചെറിയ രീതിയില്‍ വ്യായാമം ചെയ്യാം, എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇതായിരുന്നില്ല എന്റെ അവസ്ഥ. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കടുത്ത പേശിവേദനമൂലം അഞ്ച് മിനുട്ട് പോലും നടക്കാനാവുമായിരുന്നില്ല. ഭാഗ്യത്തിന് ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു-ഡിബാല പറഞ്ഞു.

കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. പ്രതിരോധ നിരയിലെ ഡാനിയേല റുഗാനി, മിഡ്ഫീല്‍ഡര്‍ ബ്ലേസി മറ്റ്യൂഡി എന്നിവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഡിബാലയുടെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള യുവന്റസ് താരങ്ങളെ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എയിലെ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Similar News