ചെല്‍സിയില്‍ ലംമ്പാര്‍ഡിന് പകരം ഇനി ടുഷേല്‍ യുഗം

ജര്‍മ്മന്‍ കോച്ചായ ടുച്ചേല്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെയും മുമ്പ് പരിശീലിപ്പിച്ചിരുന്നു.

Update: 2021-01-26 08:24 GMT



ലണ്ടന്‍: പുറത്താക്കിയ ചെല്‍സി കോച്ച് ലംമ്പാര്‍ഡിന് പകരമെത്തുന്നത് മുന്‍ പിഎസ്ജി കോച്ച് തോമസ് ടുഷേല്‍. ചെല്‍സിയുടെ ചാര്‍ജ്ജെടുക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചതായി ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ചെല്‍സി അവരുടെ കോച്ചായ ലംമ്പാര്‍ഡിനെ പുറത്താക്കിയത്. പുറത്താക്കലിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ക്ലബ്ബ് നടത്തിയിട്ടില്ല. ടുഷേലിന്റെ നിയമനവും ക്ലബ്ബ് പ്രഖ്യാപിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ചെല്‍സി ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ സീസണില്‍ കോച്ചായി ചുമതലയേറ്റ ലംമ്പാര്‍ഡ് ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടികൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ ഫോം തുടരാന്‍ ക്ലബ്ബിനായി. വെര്‍ണര്‍, ഹാവര്‍ട്‌സ് തുടങ്ങി വന്‍ നിര താരങ്ങളെ ടീമിലെത്തിച്ചിട്ടും ചെല്‍സിക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തനിക്ക് കൂടുതല്‍ സമയം വേണമെന്ന് ലംമ്പാര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ലബ്ബ് ഇത് നിരാകരിക്കുകയായിരുന്നു.

ജര്‍മ്മന്‍ കോച്ചായ ടുച്ചേല്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെയും മുമ്പ് പരിശീലിപ്പിച്ചിരുന്നു. പിഎസ്ജി ഫ്രഞ്ച് ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴാണ് ടുച്ചേലിനെ ഖത്തര്‍ ഗ്രൂപ്പ് പുറത്താക്കിയത്. ടുച്ചേല്‍ ചെല്‍സിയിലേക്ക് വരുന്നതോടെ ചെല്‍സി അവരുടെ പഴയ പ്രതാപം വീണ്ടെടുക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച കോച്ചുകളില്‍ ഒരാളാണ് ടുച്ചേല്‍.


Tags:    

Similar News