താരങ്ങള്‍ക്ക് കൊറോണ ടെസ്റ്റ് നടത്തി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും
ജൂണ്‍ ആദ്യം ലീഗ് തുടങ്ങാനാണ് സ്പാനിഷ് എഫ് എയുടെ തീരുമാനം
മാഡ്രിഡ്: ഉടന്‍ പരിശീലനം ആരംഭിക്കാനിരിക്കുന്ന സ്പാനിഷ് ലീഗ് ക്ലബ്ബുകള്‍ ഇന്ന് കൊറോണ വൈറസ് പരിശോധന നടത്തി. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളാണ് താരങ്ങള്‍ക്കായി പരിശോധന നടത്തിയത്. വരുംദിനങ്ങളില്‍ പരിശീലനം നടത്തുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. രണ്ടുദിവസത്തിന് ശേഷം ലഭിക്കുന്ന ഫലത്തെ ആശ്രയിച്ചായിരിക്കും പരിശീലനം ആരംഭിക്കുക. ഓരോ ക്ലബ്ബുകളുടെയും ഹോം ഗ്രൗണ്ടുകളിലാണ് പരിശോധന നടന്നത്. ലയണല്‍ മെസ്സി, അന്റോണിയാ ഗ്രീസ് മാന്‍(ബാഴ്‌സലോണ), ഈഡന്‍ ഹസാര്‍ഡ്, കരീം ബെന്‍സിമ(റയല്‍ മാഡ്രിഡ്), മാര്‍ക്കോസ് ലോറന്റ്(അത്‌ലറ്റിക്കോ) എന്നീ താരങ്ങളും പരിശോധനയ്‌ക്കെത്തിയിരുന്നു. എല്ലാ താരങ്ങളെയും പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും പരിശീലനത്തിന് പങ്കെടുപ്പിക്കുക.
ജൂണ്‍ ആദ്യം ലീഗ് തുടങ്ങാനാണ് സ്പാനിഷ് എഫ് എയുടെ തീരുമാനം. സാമൂഹിക അകലം പാലിച്ചായിരിക്കും ആദ്യം പരിശീലനം. തുടര്‍ന്ന് രണ്ടാമത്തെ സ്‌റ്റേജിലായിരിക്കും താരങ്ങള്‍ ഒരുമിച്ചുള്ള പരിശീലനം. കൊറോണയെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ താരങ്ങളും തിരിച്ചുവന്നിട്ടുണ്ട്. ഇവര്‍ 14 ദിവസത്തെ ക്വാറന്റൈനിനു ശേഷമായിരിക്കും ടീമിനൊപ്പം ചേരുക. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍ അരങ്ങേറുക.