പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കും; 30ന് തുടങ്ങാന്‍ ധാരണ
ജൂണ്‍ എട്ടിനോ 30നോ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടങ്ങുമെന്നും പുതിയ സീസണ്‍ ആരംഭിക്കേണ്ടതിനാല്‍ സെപ്തംബറിന് മുമ്പ് സീസണ്‍ അവസാനിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു.
ന്യൂയോര്‍ക്ക്: കൊവിഡ് - 19ന്റെ വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കുമെന്ന് ഇംഗ്ലിഷ് എഫ് എ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. ജൂണ്‍ എട്ടിനോ 30നോ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടങ്ങുമെന്നും പുതിയ സീസണ്‍ ആരംഭിക്കേണ്ടതിനാല്‍ സെപ്തംബറിന് മുമ്പ് സീസണ്‍ അവസാനിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു.
നിലവില്‍ 92 മല്‍സരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്നത്. 20 ക്ലബ്ബുകളില്‍ 16 ടീമുകള്‍ക്ക് ഒമ്പത് മല്‍സരങ്ങള്‍ വീതം കളിക്കാനുണ്ട്. 40 ദിവസത്തിനുള്ളില്‍ ഇവ തീര്‍ക്കാനാണ് തീരുമാനം. രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തണം. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം ലഭിക്കണമെങ്കില്‍ ലീഗുകള്‍ പുനരാരംഭിക്കണം. 40 ദിവസത്തിനിടയ്ക്ക് മറ്റ് മല്‍സരങ്ങള്‍ നടത്തില്ലെന്നും തീരുമാനത്തില്‍ പറയുന്നു.