പ്രീമിയര്‍ ലീഗ്: ശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് പെര്‍ത്ത് സ്ഥിരം വേദി
പെര്‍ത്തില്‍ മല്‍സരങ്ങള്‍ നടത്താന്‍ ക്ലബ്ബുകളും സന്നദ്ധവുമെന്നാണ് റിപോര്‍ട്ട്
പെര്‍ത്ത്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് പെര്‍ത്ത് സ്ഥിരം വേദിയാവുന്നു. കൊറോണ വൈറസ് കാരണം മാര്‍ച്ചില്‍ നിര്‍ത്തിവച്ച മല്‍സരങ്ങള്‍ക്കാണ് പെര്‍ത്ത് വേദിയാവാന്‍ ഒരുങ്ങുന്നത്. മല്‍സരങ്ങള്‍ക്ക് സ്ഥിരം വേദിയാവാന്‍ പെര്‍ത്ത് ഒരുക്കമാണെന്ന് പ്രീമിയര്‍ ലീഗ് ഏജന്റ് ഗാരി വില്ല്യംസ് അറിയിച്ചു. മല്‍സരങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് നടത്തണമെന്നാണ് ഏവരുടെയും ആഗ്രഹം. ഇതിനായി ഓസ്‌ട്രേലിയ സമ്മതം നല്‍കിയിട്ടുണ്ട്. പെര്‍ത്തില്‍ എല്ലാം മല്‍സരങ്ങളും നടത്താം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആസ്‌ത്രേലിയയില്‍ കൊറോണ വൈറസ് ബാധ കുറവാണ്. ഏഴായിരം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെങ്കിലും 93 പേരാണ് മരണപ്പെട്ടത്. എല്ലാ മല്‍സരങ്ങളും പെര്‍ത്തില്‍ നടത്തിയാല്‍ സീസണ്‍ സുരക്ഷിതമായി അവസാനിപ്പിക്കാമെന്നും ഗാരി വില്ല്യംസ് അറിയിച്ചു. പെര്‍ത്തില്‍ മല്‍സരങ്ങള്‍ നടത്താന്‍ ക്ലബ്ബുകളും സന്നദ്ധവുമെന്നാണ് റിപോര്‍ട്ട്. ഇംഗ്ലണ്ടിലും കൊറോണ വൈറസ് രൂക്ഷമായി ബാധിച്ചിരുന്നു. താരങ്ങള്‍ ഇതിനോടകം സ്വന്തമായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിരവധി ക്ലബ്ബുകള്‍ തങ്ങളുടെ ഹോം ഗ്രൗണ്ടുകള്‍ താരങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.