പരിശീലകനെ പുറത്താക്കി പിഎസ്ജി; പകരക്കാരനായി പോചീടീനോ എത്തിയേക്കും
കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ച കോച്ചാണ് ടൂച്ചല്‍
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ മോശമല്ലാത്ത ഫോം തുടരുന്ന പിഎസ്ജി തങ്ങളുടെ പരിശീലകന്‍ തോമസ് ടൂച്ചലിനെ പുറത്താക്കി. പുതിയ കോച്ചായി മുന്‍ ടോട്ടന്‍ഹാം കോച്ച് മൗറീസിയോ പോചീടീനോയെ തിരഞ്ഞെടുത്തേക്കും. ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പിഎസ്ജിയുടെ ഫോം മോശമെന്ന് സ്ഥിരീകരിച്ചാണ് ടൂച്ചലിനെ പുറത്താക്കിയത്. ജര്‍മ്മന്‍കാരനായ ടൂച്ചല്‍ 2018ലാണ് പിഎസ്ജിക്കൊപ്പം ചേരുന്നത്. പിഎസ്ജിയെ കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ച കോച്ചാണ് ടൂച്ചല്‍ . ചാംപ്യന്‍സ് ലീഗില്‍ ഇത്തവണ പ്രീക്വാര്‍ട്ടറില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരായണ് പിഎസ്ജി കയറിയത്. ഫ്രഞ്ച് ലീഗ് വണ്ണിലാവട്ടെ ഒന്നാം സ്ഥാനത്തുള്ള ലിയോണുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് പിഎസ്ജി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സീസണില്‍ കളിച്ച 17 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ പിഎസ്ജി തോറ്റിട്ടുള്ളൂ. രണ്ട് വര്‍ഷങ്ങളിലായി പിഎസ്ജിക്ക് ആറ് കിരീടങ്ങള്‍ നേടികൊടുത്ത കോച്ചാണ് ടൂച്ചല്‍. ടൂച്ചലിന് കീഴില്‍ 127 മല്‍സരങ്ങളില്‍ നിന്ന് 20 എണ്ണത്തില്‍ മാത്രമാണ് പിഎസ്ജി തോറ്റത്. ടോട്ടന്‍ഹാം കോച്ചായ പോചീടീനോയെ കഴിഞ്ഞ വര്‍ഷമാണ് ക്ലബ്ബ് പുറത്താക്കിയത്.