‌കാൽപന്തിൽ ചരിത്രം രചിച്ച ഹംസക്കോയ തളർന്ന് വീണത് മഹാമാരിക്കു മുന്നിൽ

പരപ്പനങ്ങാടിയിൽ ബിഇഎം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ കളിച്ച് തുടങ്ങിയ അദ്ദേഹം രാജ്യം അറിയപ്പെടുന്ന താരമായി ഉയരുകയായിരുന്നു.

Update: 2020-06-06 07:43 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: കാൽപന്തിൽ ചരിത്രം രചിച്ച ഹംസക്കോയ കൊവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ തളർന്ന് വീണു. ഫുട്ബോൾ രക്തത്തിലും, ജീവിതത്തിലും അലിഞ്ഞ് ചേർന്ന വ്യക്തിയായിരുന്നു പരപ്പനങ്ങാടിക്കാരുടെ പ്രിയപ്പെട്ട ഹംസക്കോയയെന്ന ഫുബോൾ താരം. കൊവിഡ് ബാധിതനായി ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സൽസയിലിരിക്കെ മരണപെട്ട ഇളയിടത്ത് ഹംസക്കോയക്ക് ഫുട്ബോൾ എന്നാൽ വെറും പന്ത്കളി മാത്രമായിരുന്നില്ല, ജീവിതം കൂടിയായിരുന്നു.


പരപ്പനങ്ങാടിയിൽ ബിഇഎം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ കളിച്ച് തുടങ്ങിയ അദ്ദേഹം രാജ്യം അറിയപ്പെടുന്ന താരമായി ഉയരുകയായിരുന്നു. 1970 കളുടെ കാലത്ത് സ്ക്കൂൾ തല ഫുട്ബോൾ മത്സരത്തിൽ മൂന്ന് തവണ നിരന്തരം ചാമ്പ്യൻമാരാകാൻ ബിഇഎം ഹൈസ്ക്കൂളിനെ പ്രാപ്തരാക്കിയതും, 1971, 72, 73 കാലത്ത് തിരൂരങ്ങാടി പിഎസ്എംഒ കോളജിനെ യൂനിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻമാരാക്കിയതും ഹംസക്കോയയെന്ന താരത്തിൻ്റെ ബൂട്ടിൽ നിന്നാണ്. മാത്രമല്ല ലോംങ്ങ് ജെംമ്പിൽ സ്റ്റേറ്റ് ചാമ്പ്യൻ കൂടിയായിരുന്നു കോയ.

ഇദ്ദേഹത്തിൻ്റെ കളിയിലെ കഴിവ് കണ്ടത്തുന്നത് യൂനിവേഴ്സിറ്റി കോച്ചായിരുന്ന ഉസ്മാൻ കോയയായിരുന്നു. പിന്നീടങ്ങോട്ട് ഈ താരത്തിൻ്റ വളർച്ചയായിരുന്നു. സ്പോർട്സ് കോട്ടയിൽ റെയിൽവെയിൽ ജോലി ലഭിച്ച ഹംസക്കോയ സതൺ റെയിൽവെ ടീമിൽ 5 കൊല്ലം കളിച്ചു. പിന്നീട് യൂനിയൻ ബാങ്കിൻ്റെ ബൂട്ടണിഞ്ഞ കോയ 1981 മുതൽ 86 വരെയുള്ള സന്തോഷ് ട്രോഫികളിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചതോടെ അറിയപ്പെടുന്ന താരമായി മാറി.


 മൊഹമ്മദൻസ്, മോഹൻ ബഗാൻ, ടാറ്റാ സ്പോർട്സ് ക്ലബ് , ആർസിഎഫ്, ഓർകായ് മിൽസ്, വെസ്റ്റ് ബംഗാൾ ടീമുകളിലും ജഴ്സി അണിഞ്ഞു. ഇന്ത്യൻ ഫുട്ബോൾ കാംപിലേക്ക് 2 തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അക്കാലത്ത് നെഹുറു ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുത്തങ്കിലും ഗാലറിയിലിരിക്കാൻ മാത്രമാണ് വിധിയുണ്ടായത്. ഹംസക്കോയയുടെ ജീവിതം മാത്രമായിരുന്നില്ല പന്തുമായി ഉരുണ്ടത്, ഭാര്യ ലൈല ഇന്ത്യൻ നാഷണൽ വോളിബോൾ താരം കൂടിയായിരുന്നെങ്കിൽ മകൻ ലിഹാസ് കോയ ഇന്ത്യൻ ജൂനിയർ ടീമിൻ്റെ ഗോൾ കീപ്പർ കൂടിയാണ്. ഫുട്ബോൾ ലഹരിയിൽ അമർന്ന ഒരു കുടുംബത്തിൻ്റെ നെടുംതൂണാണ് ഇന്ന് പൊലിഞ്ഞത്.

കൊവിഡ് 19 എന്ന മഹാമാരിയുടെ ഗ്രൗണ്ടിൽ നിരവധി പരീക്ഷണങ്ങളെ അതിജയിച്ചു തന്നെയാണ് പരപ്പനങ്ങാടിക്കാരുടെ താരം കൊവിഡിനോട് പിടിച്ച് നിൽക്കാൻ കഴിയാതെ ജീവിതത്തിൽ നിന്ന് തളർന്ന് വീണത്. ഭാര്യ ലൈലക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിൽസ നൽകിയ ശേഷം കേരളത്തിൽ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. 

Similar News