കിരീടത്തോടടുത്ത് യുവന്റസ്; ടൊറീനോയ്‌ക്കെതിരേ ജയം; ലാസിയോക്ക് തോല്‍വി
1961ന് ശേഷം സീരി എയില്‍ 25 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീടത്തോടടുത്ത് യുവന്റസ്. ടൊറീനോയ്‌ക്കെതിരേ 4-1ന്റെ ജയം നേടിയതോടെ 75 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡിബാല(3), ജു കുകാഡ്രാഡോ(29), റൊണാള്‍ഡോ(61), ഡിജിഡിജി(87) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ സീരി എയില്‍ റൊണാള്‍ഡോയുടെ സീസണിലെ ഗോളുകളുടെ എണ്ണം 25 ആയി.
1961ന് ശേഷം സീരി എയില്‍ 25 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി. ഒമര്‍ സിവോരിയാണ് അന്ന് 25 ഗോള്‍ നേടിയത്. 1933-34 സീസണില്‍ 32 ഗോള്‍ നേടിയ ഫെലിസെ ബോറല്‍ ആണ് യുവന്റസിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍. യുവന്റസ് ഗോള്‍ കീപ്പര്‍ ബഫണിന്റെ 648ാം മല്‍സരം കൂടിയായിരുന്നു ഇത്.
യുവന്റസിന് രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡുണ്ട്. തുടര്‍ച്ചയായ ഒമ്പതാം കിരീട നേട്ടമാണ് യുവന്റസിന്റെ ലക്ഷ്യം. ലാസിയോയെ എസി മിലാന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മിലാന്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ലെസ്സെയെ സസുഓളാ 4-2നും തോല്‍പ്പിച്ചു.