ന്യൂഡല്‍ഹി: പുതുവല്‍സരദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ആറാം പ്രതി അറസ്റ്റിലായി. അഞ്ജലിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച ബലേനോ കാറിന്റെ ഉടമ അശുതോഷിനായാണ് വെള്ളിയാഴ്ച ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. അഞ്ചുപേര്‍ അശുതോഷിന്റെ വസതിക്ക് പുറത്ത് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുറത്തുവന്നിരുന്നു. 18 സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തില്‍ ആദ്യം അഞ്ച് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ഡല്‍ഹി സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് സംഭവം. അപകടം നടന്നതിന് പിന്നാലെ അഞ്ജലിയുടെ കാല്‍ കാറിന്റെ ആക്‌സിലില്‍ കുടുങ്ങിയതോടെ യുവതിയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കാഞ്ചവാലയില്‍ ഞായറാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി കാറില്‍ കുടുങ്ങിയതായി കണ്ടെത്തിയിട്ടും യുവാക്കള്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലിസില്‍ മൊഴി നല്‍കിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാനും അഞ്ചുപേരെ സംരക്ഷിക്കാനും ശ്രമിച്ച അങ്കുഷ് ഖന്ന എന്നയാളെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.