അതിര്‍ത്തിയില്‍ 44 തന്ത്രപ്രധാന റോഡുകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ
അടിയന്തിര സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള സൈനികനീക്കം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ 44 റോഡുകള്‍ നിര്‍മിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹി: 2100 കി.മീറ്ററിലധികം വരുന്ന ചൈനീസ് അതിര്‍ത്തിയിലും പഞ്ചാബിലേയും രാജസ്ഥാനിലേയും പാക് അതിര്‍ത്തിയോട് ചേര്‍ന്നും തന്ത്രപ്രധാനമായ 44 റോഡുകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ വാര്‍ഷിക റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള സൈനികനീക്കം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ 44 റോഡുകള്‍ നിര്‍മിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ 4000 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണരേഖയാണുള്ളത്.
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി പദ്ധതികള്‍ക്ക് ചൈന പ്രാമുഖ്യം നല്‍കുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ചൈന റോഡ് നിര്‍മാണം ആരംഭിച്ചതിനു പിന്നാലെ ഡോക്‌ലാമില്‍ ഇന്ത്യാ-ചൈനാ സേനകള്‍ ഏറ്റുമുട്ടലിന്റെ വക്കത്തെത്തിയിരുന്നു.
ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തയ്യാറായതോടെയാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നത്. തന്ത്രപ്രധാനമായ 44 റോഡുകളുടെ നിര്‍മാണത്തിന് 21,000 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.