ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്ക്കുന്നതിനിടെ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍പിടിച്ചെടുത്ത് ഇറാന്‍. ഇസ്രായേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്തത്.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യം ഹെലികോപ്റ്ററില്‍ എത്തി കപ്പലില്‍കയറി പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. കപ്പലില്‍ ജീവനക്കാരായി മലയാളികളും ഉണ്ടെന്നാണ് സൂചന. കമ്പനിയുടെ ഉടമസ്ഥന്‍ ഇസ്രായേലുകാരനായ ഇയാല്‍ ഒഫെറാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണ് നടപടിയെന്നാണ് ഇറാന്‍ നല്‍കുന്ന വിവരം. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. നിലവില്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. ഇറാന്‍ വാര്‍ത്താ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമണത്തിനു തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേലില്‍ എവിടെയും ഏതു സമയത്തും ആക്രമണം നടക്കാമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണപദ്ധതി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നിലുണ്ടെന്നും അതുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇസ്രായേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്തു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.