കെവിന്‍ വധക്കേസ്: വിധി പറയുന്നത് 22 ലേക്ക് മാറ്റി

കെവിന്റേത് ദുരഭിമാനക്കൊലയെന്ന നിലപാടില്‍ ഉറച്ച് പ്രോസിക്യൂഷന്‍.അല്ലെന്ന് പ്രതിഭാഗം.2018 മെയ് 28ന് പുലര്‍ച്ചെ തെന്മലയില്‍ ചാലിയക്കര തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്‍. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു

Update: 2019-08-14 06:25 GMT

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് കോടതി ഈ മാസം 22 ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടന്നത്. വിചാരണ നടപടികള്‍ പൂര്‍ത്തിയായ കേസിന്റെ വിധി ഇന്ന് രാവിലെ 11 ന് പറയുമെന്നാണ് വ്യക്തമാക്കപ്പെട്ടിരുന്നത്. ഇത് പ്രകാരം ഇന്ന രാവിലെ കേസ് പരിഗണിച്ച ശേഷം കോടതി കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണോ അല്ലയോ എന്നത് സംബന്ധിച്ച് പ്രോസിക്യൂഷനോടും പ്രതിഭാഗത്തിനോടും വ്യക്തത ആവശ്യപ്പെട്ടു.കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍ ഉറച്ചു നിന്നു.കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും തങ്ങള്‍ ഉയര്‍ന്ന ജാതിക്കാരനാണെന്നും അത്തരത്തില്‍ താഴ്ന്ന ജാതിയില്‍പെട്ടയാളെ തങ്ങളുടെ കുടുംബത്തിലെ ഒരാള്‍ വിവാഹം കഴിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ തന്റെ സുഹൃത്തക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദം ഉയര്‍ത്തി.

കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് വില്ലേജ് ഓഫിസറും മറ്റും സര്‍ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ കെവിന്റേത് ദുരഭിമാനക്കൊലപാതകമല്ലെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.കെവിന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് പോലിസ് സ്‌റ്റേഷനില്‍ വെച്ചു നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ നീനുവിന്റെ പിതാവ് ചാക്കോ കെവിന് നീനുവിനെ വിവാഹം ചെയ്തു കൊടൂക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും ഈ സാഹചര്യത്തില്‍ ഇത് ദുരഭിമാനക്കൊലയാണെന്ന് പറയാന്‍ കഴിയില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.തുടര്‍ന്നാണ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം വിധി പറയുന്നതിനായി കോടതി കേസ് 22 ലേക്ക് മാറ്റിയത്.കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്‍. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണിനില്ലെന്ന് അച്ഛന്‍ ജോസഫ് ഗാന്ധി നഗര്‍ പോലീസില്‍ പരാതി നല്‍കുന്നത്.എന്നാല്‍ ആദ്യഘട്ടത്തില്‍ പോലിസ് പരാതി അവഗണിച്ചു.തുടര്‍ന്ന് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വിഷയം വിവാദമാകുകയും ചെയ്തതോടെയാണ് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പോലിസ് കേസെടുത്തത്.2018 മെയ് 28ന് പുലര്‍ച്ചെ തെന്മലയില്‍ ചാലിയക്കര തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയയും പിതാവ് ചാക്കോ ജോണിനെയും പോലിസ് പിടികൂടി. 

Tags:    

Similar News