ഛത്തീസ്ഗഢില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; കുടുംബത്തെ വടിയും കല്ലും ഉപയോഗിച്ച് കൊലപ്പെടുത്തി; ആറു പേര്‍ അറസ്റ്റില്‍

Update: 2021-02-04 12:00 GMT

കോര്‍ബ: 16കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നും കുടുംബത്തെ വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ ആറംഗസംഘം അറസ്റ്റില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയേയും അച്ഛനേയും ബന്ധുവായ നാലു വയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിച്ചതായി പോലിസ് പറഞ്ഞു. കേസില്‍ ജില്ലയിലെ സത്രംഗ ഗ്രാമത്തിലുള്ള ശാന്ത്റാം മഝ്വാര്‍(45), അബ്ദുള്‍ ജബ്ബാര്‍(29), അനില്‍ കുമാര്‍ സാര്‍ത്തി(20), പര്‍ദേശി റാം പനിക(35), ആനന്ദ് റാം പനിക(25), ഓണ്‍ ശങ്കര്‍(21) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ജനുവരി 29 നാണ് സംഭവം നടന്നത്. പ്രാഥമിക നിഗമനപ്രകാരം മുഖ്യപ്രതി ശാന്ത്റാമിന്റെ വീട്ടില്‍ കാലികളെ നോക്കുന്ന ജോലിയാണ് കുട്ടിയെ പിതാവിനുണ്ടായിരുന്നത്. ശാന്ത്റാം ഇയാളെ തന്റെ മോടോര്‍ സൈകിളില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെയും നാല് വയസ്സുകാരിയെയും കാണുന്നത്. ശാന്ത്റാം വരുന്ന വഴി മദ്യം കഴിച്ചിരുന്നു. പകുതി വഴിയില്‍നിന്ന് ഇയാള്‍ക്കൊപ്പം മറ്റ് പ്രതികളും കൂടി. പ്രതികള്‍ ആറ് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെയും അച്ഛനെയും നാല് വയസ്സുകാരിയയെും സമീപത്തെ കുന്നിന്‍ മുകളിലെത്തിച്ചു. അവിടെ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. പിന്നീട് കുട്ടിയെയും മറ്റ് രണ്ട് പേരെയും വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊല്ലുകയായിരുന്നു. ശേഷം സംഘം ഇവരെ കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപെട്ടു.

പ്രതികളുടെ മൊഴി പ്രകാരം പോലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയേയും മറ്റ് രണ്ട് പേരെ മരിച്ച നിലയിലും കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പെണ്‍കുട്ടി മരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, പോക്സോ, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രം, തടയല്‍ കൂട്ടബലാത്സം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.




Similar News