കൊവിഡ് 19: രാജ്യത്ത് മരണം 239 ആയി, 24 മണിക്കൂറിനിടെ 40 മരണം, 7,447 പേര്‍ക്ക് വൈറസ് ബാധ
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇവിടെ 1,574 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ലോകമാകെ ഭീതി വിതച്ച് മുന്നേറുന്ന കൊവിഡ് 19 മഹാമാരിയില്‍ രാജ്യത്ത് 239 പേരുടെ ജീവന്‍ അപഹരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പുതിയ മരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 7,447 ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇവിടെ 1,574 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ കേരളത്തില്‍നിന്നുള്ള ഒരാളും ഉള്‍പ്പെടും. മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം മെഹ്റൂഫ് (71) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.
മെഹ്റൂഫ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം കഴിഞ്ഞ 23നാണ് അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവൃക്കകളും തകരാറിലായ ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കണ്ണൂരില്‍ പലഭാഗങ്ങളിലും ഇദ്ദേഹം സഞ്ചരിച്ചതായും ചില ചടങ്ങുകളില്‍ പങ്കെടുത്തതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.
അതേസമയം, കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ലോക്ക് ഡൗണില്‍ ഇളവുനല്‍കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നടപടിയെന്ന നിലപാടാവും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുക. വിദേശത്ത് കുടുങ്ങിയ മലയാളികള്‍ നേരിടുന്ന പ്രശ്നവും മുഖ്യമന്ത്രി ഉന്നയിക്കും. കൂടാതെ കേരളത്തിന് കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്ന റിപോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താവും അന്തിമതീരുമാനമുണ്ടാവുക. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,761 ആയി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ യോഗവും ഇന്ന് ചേരും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനോട് കേരളത്തിന് യോജിപ്പില്ല. ഘട്ടംഘട്ടമായി ഇളവുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുവാദം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലാവും കേരളത്തിലെ ഇളവില്‍ അന്തിമതീരുമാനമെടുക്കുക.